വെറും അഞ്ച് സെക്കന്‍ഡ്; നോയിഡയിലെ ഇരട്ട ടവര്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു

ലക്‌നൗ: ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച സൂപ്പര്‍ ടെക് കമ്പനിയുടെ നോയിഡയിലെ ഇരട്ട ടവര്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചുനീക്കി. ഒന്‍പത് വര്‍ഷം നീണ്ട നിയമപ്പോരാട്ടത്തിനൊടുവിലാണ് ടവര്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്തത്. കുത്തബ് മിനാറിനേക്കാള്‍ ഉയരമുള്ള നോയിഡയിലെ ഇരട്ട ടവര്‍, ഇന്ത്യയില്‍ പൊളിച്ചുനീക്കുന്ന ഏറ്റവും ഉയരമുള്ള കെട്ടിടമാണ്.

മരടിലെ ഫ്‌ലാറ്റ് പൊളിക്കലിന് നേതൃത്വം നല്‍കിയ മുംബൈയിലെ എഡിഫൈസ് എഞ്ചിനീയറിങ്ങ് കമ്പനിയും ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ ജെറ്റ് ഡെമോളിഷനും ചേര്‍ന്നാണ് നോയിഡയിലും പൊളിക്കലിന് നേതൃത്വം നല്‍കിയത്. 3700 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് കെട്ടിടങ്ങള്‍ പൊളിച്ചത്.

ഇരട്ടക്കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് വന്‍ സുരക്ഷാ സന്നാഹമാണ് ഏര്‍പ്പെടുത്തിയിരുന്നത്. സമീപപ്രദേശങ്ങളിലെ ഫ്‌ലാറ്റുകളില്‍ നിന്നുള്ള ആളുകളെയെല്ലാം ഒഴിപ്പിച്ചിരുന്നു. 560 പൊലീസ് ഉദ്യോഗസ്ഥരെയും എന്‍ഡിആര്‍എഫ് ടീമിനേയും സ്ഥലത്ത് വിന്യസിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഇരട്ടക്കെട്ടിടം പൊളിച്ചുനീക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ചതായും ടവറുകള്‍ തമ്മില്‍ ചുരുങ്ങിയ അകലം പാലിക്കാതെ നിര്‍മ്മിച്ചെന്നുമുള്ള നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.