കേരളത്തിലടക്കം രാജ്യമൊട്ടാകെ 21 വ്യാജ സര്‍വ്വകലാശാലകള്‍; പട്ടിക പുറത്തുവിട്ട് യു.ജി.സി

ന്യൂഡെല്‍ഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന 21 സര്‍വ്വകലാശാലകള്‍ വ്യാജമാണെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മീഷന്‍(യു.ജി.സി). ഈ സര്‍വ്വകലാശാലകള്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ യോഗ്യതയില്ലെന്നും യു.ജി.സി അറിയിച്ചു.

ഡല്‍ഹിയും ഉത്തര്‍പ്രദേശും കേന്ദ്രീകരിച്ചാണ് ഭൂരിഭാഗം വ്യാജ സര്‍വ്വകലാശാലകളും പ്രവര്‍ത്തിക്കുന്നത്. യു.ജി.സി ആക്ടിന് വിരുദ്ധമായാണ് ഇവ പ്രവര്‍ത്തിക്കുന്നത്. പട്ടികയില്‍ കേരളത്തിലെ സെന്റ് ജോണ്‍സ് സര്‍വ്വകലാശാലയും ഉള്‍പ്പെടുന്നു. ഇത്തരം സര്‍വ്വകലാശാലകള്‍ക്ക് ബിരുദം നല്‍കാന്‍ യോഗ്യതയില്ലെന്ന് യു.ജി.സി സെക്രട്ടറി അറിയിച്ചു.

ഡല്‍ഹിയില്‍ മാത്രം എട്ട് സര്‍വ്വകലാശാലകളാണ് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത്. ഏഴോളം സര്‍വ്വകലാശാലകള്‍ ഉത്തര്‍പ്രദേശിലും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിന് പുറമേ മഹാരാഷ്ട്ര, പുതുച്ചേരി, ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലും ഓരോ സര്‍വ്വകലാശാലകള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നതായും യുജിസിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.