രാഷ്ട്രപതിയുടെ മകളുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്: സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ പിടിയില്‍

ലക്‌നൗ: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ മകളുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കിയ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ പിടിയില്‍. 42-കാരനായ ശൈലേന്ദ്ര ശുക്ലയാണ് പിടിയിലായതെന്ന് ഉത്തര്‍പ്രദേശ് പൊലീസ് പറഞ്ഞു.

പ്രമുഖ മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നയാളാണ് പിടിയിലായ ശൈലേന്ദ്ര. ശത്രുതയിലുള്ള അയല്‍വാസിയുടെ മുന്നില്‍ തന്റെ സ്വാധീനം കാണിക്കാനാണ് ഇയാള്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു.

ഗ്രേറ്റര്‍ നോയിഡയിലെ ചി ഫൈ സെക്ടറില്‍ താമസിക്കുന്ന ശൈലേന്ദ്രയെ പ്രദേശത്തെ ലോക്കല്‍ മാര്‍ക്കറ്റില്‍ വെച്ചാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കൈയില്‍ നിന്ന് വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കാന്‍ ഉപയോഗിച്ചത് ഉള്‍പ്പെടെ മൂന്ന് മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു. വിവിധ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.