സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ ഇന്ന് വിരമിക്കും

ന്യൂഡെല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ ഇന്ന് വിരമിക്കും. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24-നാണ് രാജ്യത്തെ 48-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍.വി.രമണ ചുമതലയേറ്റത്.

ചീഫ് ജസ്റ്റിസായിരുന്ന എസ്.എ ബോബ്‌ഡെയുടെ പിന്‍ഗാമിയായിട്ടാണ് രമണയുടെ നിയമനം. സുപ്രീം കോടതിയില്‍ എട്ടുവര്‍ഷം ജസ്റ്റിസ് രമണ ന്യായാധിപനായി പ്രവര്‍ത്തിച്ചിരുന്നു. 2014-ലാണ് ജസ്റ്റിസ് രമണ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്. ആന്ധ്രാപ്രദേശിലെ കൃഷ്ണാജില്ലയിലെ പൊന്നാവരം സ്വദേശിയാണ് ജസ്റ്റിസ് എന്‍.വി.രമണ.

അതേസമയം എന്‍.വി.രമണ വിരമിക്കുന്ന പശ്ചാത്തലത്തില്‍ സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി യു.യു. ലളിത് നാളെ ചുമതലയേല്‍ക്കും. വരുന്ന നവംബര്‍ എട്ടാം തീയതി വരെയാണ് ജസ്റ്റിസ് യു.യു.ലളിതിന്റെ കാലാവധി.

2014 ഓഗസ്റ്റ് 13-ന് സുപ്രീം കോടതി ജഡ്ജിയായി സ്ഥാനമേറ്റ യു.യു ലളിത് മുന്‍പ് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് യു.ആര്‍ ലളിതും അഭിഭാഷകനായിരുന്നു.

മുത്തലാഖ് വഴിയുള്ള വിവാഹമോചനം നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് വിധിച്ച ബെഞ്ചിലെ അംഗമായിരുന്നു യു.യു.ലളിത്.