രാഹുലിന് പക്വതയില്ല; കോണ്‍ഗ്രസിനെ നശിപ്പിച്ചെന്ന രൂക്ഷവിമര്‍ശനവുമായി ഗുലാം നബി ആസാദിന്റെ കത്ത്

ന്യൂഡെല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. തന്റെ രാജി സമര്‍പ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് അയച്ച കത്തിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ ഗുലാം നബി ആസാദ് രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്. രാഹുലിന് പക്വതയില്ലെന്നും സോണിയാ ഗാന്ധി വെറുതെ പാര്‍ട്ടി തലപ്പത്ത് ഇരിക്കുകയാണെന്നും ഗുലാം നബി ആസാദ് തുറന്നടിച്ചിട്ടുണ്ട്.

സോണിയാ ഗാന്ധിയെ പേരിന് പാര്‍ട്ടിയുടെ തലപ്പത്ത് ഇരുത്തിയതാണ്. പ്രധാന തീരുമാനങ്ങളെല്ലാം രാഹുലോ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരോ എം.പിമാരോ ചേര്‍ന്നാണ് എടുക്കുന്നത്. രാഹുല്‍ പുതിയ ഉപജാപകവൃന്ദത്തെ ഉണ്ടാക്കി. പാര്‍ട്ടിയിലെ കൂടിയാലോചന സംവിധാനത്തെ തകര്‍ത്തതായും അദ്ദേഹം ആരോപിക്കുന്നു.

2019 മുതല്‍ പാര്‍ട്ടിയുടെ അവസ്ഥ വഷളായി. തിരിച്ചുവരാനാവാത്ത വിധം രാഹുല്‍ കോണ്‍ഗ്രസിനെ തകര്‍ത്തു. സംഘടന ശക്തിപ്പെടുത്താന്‍ പദ്ധതികളൊന്നുമില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ മുതിര്‍ന്ന നേതാക്കള്‍ അവഹേളിക്കപ്പെട്ടതായും ഗുലാം നബി ആസാദ് കുറ്റപ്പെടുത്തുന്നു.

സോണിയാ ഗാന്ധിക്കു പോലും വലിയ റോളില്ലാതെയായി. 2014-ലെ തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് കാരണം രാഹുലിന്റെ കുട്ടിക്കളിയാണെന്നും ഗുലാം നബി ആസാദ് സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ പറയുന്നു.