പെഗാസസ്: അഞ്ച് ഫോണുകളില്‍ മാല്‍വെയര്‍ കണ്ടെത്തി; അന്വേഷണത്തില്‍ കേന്ദ്രം സഹകരിച്ചില്ലെന്ന് സമിതി റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം നടത്തിയ വിദഗ്ധ സമിതി പരിശോധിച്ച 29 ഫോണുകളില്‍ അഞ്ചെണ്ണത്തില്‍ ചാര സോഫ്റ്റ്‌വെയര്‍ കണ്ടെത്തിയതായി സുപ്രീം കോടതി. ഇത് പെഗാസസ് ആണോയെന്ന് സമിതി സ്ഥിരീകരിച്ചിട്ടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പെഗാസസ് അന്വേഷണത്തോട് കേന്ദ്ര സര്‍ക്കാര്‍ സഹകരിച്ചില്ലെന്നും സമിതി റിപ്പോര്‍ട്ടിലുണ്ടെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി.രമണ പറഞ്ഞു. അതേസമയം അന്വേഷണസമിതി റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഫോണുകള്‍ പരിശോധിക്കാന്‍ നല്‍കിയ വ്യക്തികളുടെ സ്വകാര്യത ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതി നിലപാടെടുത്തത്.

ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍ അധ്യക്ഷനായ സമിതി വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് സമിതിയ്ക്ക് ആദ്യം അനുവദിച്ചിരുന്ന സമയപരിധി മെയ് 20 വരെയായിരുന്നു. എന്നാല്‍ പിന്നീട് സമിതി ആവശ്യപ്പെട്ടതനുസരിച്ച് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജൂണ്‍ 20 വരെ സമയം നീട്ടി നല്‍കുകയായിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകരായ എന്‍.റാം, സിദ്ധാര്‍ത്ഥ് വരദരാജന്‍, രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ് എന്നിവരുള്‍പ്പെടെയുള്ളവരുടെ മൊഴികള്‍ ജസ്റ്റിസ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സമിതി രേഖപ്പെടുത്തിയിരുന്നു. ഇതിനു പുറമേ ചോര്‍ത്തപ്പെട്ട ചില ഫോണുകള്‍ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.