പ്രവാചകനിന്ദ: തെലങ്കാനയില്‍ ബിജെപി എം.എല്‍.എ രാജ സിങ് അറസ്റ്റില്‍

ഹൈദരാബാദ്: പ്രവാചകനെതിരായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് തെലങ്കാനയില്‍ ബി.ജെ.പി എം.എല്‍.എ ടി.രാജ സിങ്ങിനെ അറസ്റ്റ് ചെയ്തു. എം.എല്‍.എയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹൈദരാബാദില്‍ കഴിഞ്ഞ ദിവസം വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു എം.എല്‍.എയുടെ അറസ്റ്റ്. മതവികാരം വ്രണപ്പെടുത്തിയതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തിയാണ് രാജസിങ്ങിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

പ്രവാചകനെതിരായ എം.എല്‍.എയുടെ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചാവിഷയമായിരുന്നു. ഒരു വിഭാഗത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തിയ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു തെലങ്കാനയിലെ വിവിധയിടങ്ങളില്‍ പരസ്യ പ്രതിഷേധം നടത്തിയവരുടെ ആവശ്യം. ഇതേത്തുടര്‍ന്നാണ് ഇന്ന് പൊലീസ് രാജ സിങ്ങിനെ അറസ്റ്റ് ചെയ്തത്.