ഇന്റര്‍പോളില്‍ അംഗത്വം നേടാന്‍ ഇന്ത്യയുടെ സഹായം വേണമെന്ന് തായ്‌വാന്‍

ന്യൂഡെല്‍ഹി: ഇന്റര്‍പോളില്‍ അംഗത്വം നേടാന്‍ ഇന്ത്യയുടെ സഹായം വേണമെന്ന ആവശ്യവുമായി തായ്‌വാന്‍. യു.എസ്. ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ചൈന തായ്‌വാന് സമീപം സൈനികാഭ്യാസങ്ങള്‍ തുടരുന്നതിനിടെയാണ് ആവശ്യം. സ്വന്തം ആവശ്യങ്ങള്‍ക്കായി ഇന്റര്‍പോളിനെ ചൈന ദുരുപയോഗം ചെയ്യുകയാണെന്ന് തായ്‌വാന്‍ ആരോപിച്ചു.

2016 മുതല്‍ സാമ്പത്തികമായ അധികാരം ഉപയോഗിച്ച് ചൈന ഇന്റര്‍പോളിനെ നിയന്ത്രിക്കുകയാണ്. തായ്‌വാന്‍ ഇന്റര്‍പോളിലെ അംഗരാജ്യമല്ല. എന്നാല്‍, ആതിഥേയ രാജ്യമെന്ന നിലയ്ക്ക് ഇന്ത്യയ്ക്ക് ഞങ്ങളെ ക്ഷണിക്കാനാകും. ഇന്ത്യയും മറ്റ് രാജ്യങ്ങളും തായ്‌വാനെ അതിഥിയായി ക്ഷണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്മീഷണര്‍ ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പ്രതികരിച്ചു. ഇന്റര്‍പോളിന്റെ 90-ാമത് ജനറല്‍ അസംബ്ലി വരുന്ന ഒക്ടോബറില്‍ ഇന്ത്യയില്‍ വെച്ചാണ് സംഘടിപ്പിച്ചിരിക്കുന്നത്.