എടപ്പാടി പളനിസ്വാമിക്ക് തിരിച്ചടി; പനീര്‍സെല്‍വത്തെ എ.ഐ.എ.ഡി.എം.കെയില്‍ നിന്നും പുറത്താക്കിയത് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

ചെന്നൈ: എ.ഐ.എ.ഡി.എം.കെയിലെ അധികാരത്തര്‍ക്കത്തില്‍ എടപ്പാടി പളനിസ്വാമിക്ക് തിരിച്ചടി. ഒ.പനീര്‍സെല്‍വത്തെ പുറത്താക്കിയ ജനറല്‍ കൗണ്‍സില്‍ തീരുമാനം നിയമവിധേയമല്ലെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. എടപ്പാടി പളനിസ്വാമിയെ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയാക്കിയ നടപടിയും ഹൈക്കോടതി റദ്ദാക്കി.

പനീര്‍സെല്‍വത്തെയും ഒ.പി.എസ് പക്ഷത്തുള്ളവരെയും പുറത്താക്കിയത് അടക്കം ജൂലൈ 11-ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ എടുത്ത എല്ലാ തീരുമാനങ്ങളും മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. ജനറല്‍ കൗണ്‍സില്‍ യോഗം സാധുവല്ലെന്നും ജസ്റ്റിസ് ജി.ജയചന്ദ്രന്റെ വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജൂണ്‍ 23-ന് മുമ്പുണ്ടായിരുന്നു സ്ഥിതി എന്താണോ അത് തുടരണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതനുസരിച്ച് പനീര്‍സെല്‍വം പാര്‍ട്ടിയുടെ കോര്‍ഡിനേറ്ററായും പളനിസ്വാമി സഹ കോര്‍ഡിനേറ്ററായും തുടരും. പാര്‍ട്ടി കോര്‍ഡിനേറ്ററും സഹ കോര്‍ഡിനേറ്ററും ഒരുമിച്ച് മാത്രമേ ജനറല്‍ കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കാവൂ എന്നും കോടതി പറഞ്ഞിട്ടുണ്ട്. എ.ഐ.എ.ഡി.എം.കെയില്‍ നിന്ന് പുറത്താക്കിയ ജനറല്‍ കൗണ്‍സില്‍ തീരുമാനത്തിനെതിരെ പനീല്‍സെല്‍വം നല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതി വിധി.