റൊഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഫ്ലാറ്റുകള്‍ നല്‍കില്ല, തിരിച്ചയയ്ക്കും; കേന്ദ്രമന്ത്രിയെ തള്ളി ആഭ്യന്തര മന്ത്രാലയം

ന്യൂഡെല്‍ഹി: റൊഹിങ്ക്യന്‍ അഭയാര്‍ത്ഥി വിഷയത്തില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയെ തളളി ആഭ്യന്തര മന്ത്രാലയം. റൊഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ഫ്ലാറ്റുകള്‍ നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്നും തിരിച്ചയ്ക്കാന്‍ നടപടി തുടങ്ങിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മ്യാന്‍മറില്‍നിന്നുള്ള റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഡല്‍ഹിയില്‍ ഫ്ലാറ്റുകളും പൊലീസ് സംരക്ഷണവും നല്‍കുമെന്ന് കേന്ദ്ര ഭവന, നഗരകാര്യ വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി ട്വീറ്റ് ചെയ്തതിന് പിന്നാലെയായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ തിരുത്ത്.

ഡല്‍ഹിയിലെ ബക്കര്‍വാലയില്‍ റൊഹിങ്ക്യന്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഫ്ലാറ്റുകള്‍ നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. എല്ലാ റൊഹിങ്ക്യന്‍ അഭയാര്‍ത്ഥികളെയും ഡല്‍ഹിയിലെ ബക്കര്‍വാല ഏരിയയിലെ ഫ്ലാറ്റുകളിലേക്ക് മാറ്റുമെന്നും അവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും ഡല്‍ഹി പൊലീസിന്റെ സുരക്ഷയും ഉറപ്പാക്കുമെന്നായിരുന്നു ഹര്‍ദീപ് സിങ് പുരി നേരത്തെ ട്വീറ്റ് ചെയ്തത്. അഭയം തേടിയവരെ ഇന്ത്യ എല്ലായ്‌പ്പോഴും സ്വാഗതം ചെയ്യുന്നു. 1951-ലെ യുഎന്‍ അഭയാര്‍ത്ഥി കണ്‍വെന്‍ഷനെ ഇന്ത്യ ബഹുമാനിക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ട്. വംശമോ മതമോ പരിഗണിക്കാതെ എല്ലാവര്‍ക്കും അഭയം നല്‍കുമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ ട്വീറ്റ്.