നിതീഷിന് തുടക്കത്തിലേ അടിപതറി; മന്ത്രിസ്ഥാനമില്ല, സത്യപ്രതിജ്ഞയില്‍ നിന്ന് വിട്ടുനിന്ന് അഞ്ച് എം.എല്‍.എമാര്‍

പാട്‌ന: ബിഹാറില്‍ മന്ത്രിസഭാ വികസനത്തില്‍ ജെ.ഡി.യുവില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് അഞ്ച് എം.എല്‍.എമാര്‍ വിട്ടുനിന്നു. മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ മാറിനിന്നതെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മാറിനിന്ന അഞ്ച് എം.എല്‍.എമാരും ഭൂമിഹാര്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ്. പാര്‍ട്ടി നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച എം.എല്‍.എമാരുടെ നീക്കം മുഖ്യമന്ത്രി നിതീഷ് കുമാറിന് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത പുതിയ 31 അംഗ മന്ത്രിസഭയില്‍ 11 അംഗങ്ങളാണ് ജെ.ഡി.യുവില്‍ നിന്നുള്ളത്. 16 പേര്‍ ആര്‍.ജെ.ഡിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്ന് രണ്ട് പേരും ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ചയ്ക്ക് ഒന്നും ഒരു സ്വതന്ത്രനും മന്ത്രിസഭയില്‍ അംഗത്വം ലഭിച്ചിട്ടുണ്ട്. അതേസമയം ഇടതുപാര്‍ട്ടികള്‍ക്ക് മന്ത്രിസഭയില്‍ അവസരം ലഭിച്ചിട്ടില്ല. ലാലു പ്രസാദ് യാദവിന്റെ മൂത്തമകന്‍ തേജ് പ്രതാപും മന്ത്രിസഭയില്‍ എത്തിയിട്ടുണ്ട്.