അജിത് ഡോവലിന്റെ സുരക്ഷാവീഴ്ച; ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനം

ന്യൂഡെല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ സുരക്ഷാവീഴ്ചയില്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് സി.ഐ.എസ്.എഫ് കമാന്‍ഡോകളെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു. രണ്ട് ഉന്നത ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഫ്രെബ്രുവരിയില്‍ നടന്ന സംഭവത്തിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.

ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍, കമാന്‍ഡര്‍ അസോസിയേറ്റ് തുടങ്ങിയ പദവികളിലിരുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതായാണ് വിവരം. എന്നാല്‍ ഇവരെ ഏത് ചുമതലയിലേക്കാണ് മാറ്റിയതെന്ന് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.

ഡോവലിന്റെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലേക്ക് ഒരു യുവാവ് എസ്.യു.വി ഓടിച്ചുകയറ്റാന്‍ ശ്രമിച്ചിരുന്നു. വാഹനം തടഞ്ഞ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ബംഗലൂരു സ്വദേശിയായ ശാന്തനു റെഡ്ഡിയാണ് ഡോവലിന്റെ വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്. ഇയാള്‍ മാനസികരോഗിയാണെന്നാണ് പൊലീസ് പറഞ്ഞത്. സി.ഐ.എസ്.എഫിന്റെ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള വ്യക്തിയാണ് അജിത് ഡോവല്‍.