ബിഹാറില്‍ 31 മന്ത്രിമാര്‍ കൂടി; നിതീഷിന് ആഭ്യന്തരം, തേജസ്വിക്ക് ആരോഗ്യവകുപ്പ്

പാട്‌ന: ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ അധികാരത്തിലേറിയ മന്ത്രിസഭയിലെ 31 പുതിയ മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായ ആര്‍ജെഡിയ്ക്കാണ് കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍. മുഖ്യമന്ത്രി നിതീഷ് കുമാറിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് ആരോഗ്യവകുപ്പും ലഭിച്ചു.

ആര്‍.ജെ.ഡിയില്‍ നിന്ന് 16 പേരും ജെ.ഡി.യുവില്‍ നിന്ന് 11-ഉം കോണ്‍ഗ്രസില്‍ നിന്ന് രണ്ടും വീതം മന്ത്രിമാരാണ് ചുമതലയേറ്റത്. ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയുടെ ഒരംഗവും ഒരു സ്വതന്ത്രനും മന്ത്രിമാരായി ചുമതലയേറ്റെടുത്തിട്ടുണ്ട്. അതേസമയം ഇടതുപാര്‍ട്ടികള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചില്ല.

ലാലു പ്രസാദ് യാദവിന്റെ മൂത്ത മകന്‍ തേജ് പ്രതാപും മന്ത്രിസഭയില്‍ എത്തിയിട്ടുണ്ട്. പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കാണ് മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം. കഴിഞ്ഞ സര്‍ക്കാരില്‍ മുസ്‌ലിം വിഭാഗത്തില്‍നിന്ന് ഒരു മന്ത്രിയാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് അഞ്ചായി. മന്ത്രിമാരില്‍ പട്ടികജാതിക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. കോണ്‍ഗ്രസ് ഇത്തവണ ദലിത് വിഭാഗത്തില്‍ നിന്നും മുസ്‌ലിം വിഭാഗത്തില്‍ നിന്നും ഉള്ളവരെയാണ് മന്ത്രിമാരാക്കിയത്.