സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം; ബഹിരാകാശത്ത് നിന്നും ഇന്ത്യയെ തേടി ആശംസാസന്ദേശം

ന്യൂഡെല്‍ഹി: രാജ്യം 75-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ഇന്ത്യയ്ക്ക് ആശംസകളര്‍പ്പിക്കുകയാണ് ലോകമെമ്പാടുമുള്ള ജനസമൂഹം. ഇപ്പോഴിതാ ഇന്ത്യയെ തേടി ഏറെ സവിശേഷമായ ഒരു സന്ദേശം എത്തിയിരിക്കുകയാണ്, അതും ബഹാരാകാശത്ത് നിന്ന്. ഇറ്റാലിയന്‍ ബഹിരാകാശ സഞ്ചാരി സാമന്ത ക്രിസ്റ്റോഫൊറെറ്റിയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും ഇന്ത്യയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

രാജ്യത്തിന്റെ ബഹിരാകാശ ഏജന്‍സിയായ ഐ.എസ്.ആര്‍.ഒയുടെ ഗഗന്‍യാന്‍ പദ്ധതിയെക്കുറിച്ച് പരാമര്‍ശിക്കുന്ന വീഡിയോ സന്ദേശത്തിന്റെ ഭാഗമായാണ് സ്വാതന്ത്ര്യദിന ആശംസകളും നേര്‍ന്നിരിക്കുന്നത്. ഇന്ത്യയെ അഭിനന്ദിക്കുന്നതില്‍ അതീവ സന്തോഷമുണ്ടെന്ന് പറയുന്ന സാമന്തയുടെ സന്ദേശത്തില്‍ അവര്‍ പതിറ്റാണ്ടുകളായി ഐ.എസ്.ആര്‍.ഒയുമായി നിരവധി ദൗത്യങ്ങളില്‍ രാജ്യാന്തര ഏജന്‍സികള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന കാര്യം എടുത്തുപറഞ്ഞു. യു.എസിലെ ഇന്ത്യന്‍ അബാസഡര്‍ തരണ്‍ജിത്ത് സിംഗ് സന്ധുവാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

ഒരു മിനിട്ട് 13 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ 2023-ല്‍ മനുഷ്യനെ ബഹിരാരാശത്തേയ്ക്ക് അയയ്ക്കാന്‍ തയ്യാറെടുക്കുന്ന ഐഎസ്ആര്‍ഒയ്ക്ക് ആശംസകള്‍ നേരുന്നതായി സാമന്ത പറയുന്നു. നാസയും ഐഎസ്ആര്‍ഒയും തമ്മിലുള്ള സംയുക്ത ഭൗമ നിരീക്ഷണ ദൗത്യത്തെക്കുറിച്ചും ഭാവിയിലെ ബഹിരാകാശ പര്യവേഷണങ്ങള്‍ക്കായി അന്താരാഷ്ട്ര ബഹിരാകാശ ഏജന്‍സി ഐഎസ്ആര്‍ഒയുമായുള്ള പങ്കാളിത്തം വിപുലീകരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.