‘വീട്ടിലേക്ക് സ്വാഗതം; ഓഫീസ് തുറക്കാന്‍ സ്ഥലം നല്‍കാം ‘; ഇഡിയെ പരിഹസിച്ച് തേജസ്വി യാദവ്

പാട്‌ന: കേന്ദ്ര അന്വേഷണ ഏജന്‍സികളെയും ബി.ജെ.പിയേയും പരിഹസിച്ച് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് തങ്ങളുടെ വീട്ടില്‍ തന്നെ ഓഫീസ് തുറക്കാമെന്നും അതിനുള്ള സ്ഥലം നല്‍കാമെന്നും അദ്ദേഹം പരിഹസിച്ചു. തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ബിജെപി നിരന്തരം ഇഡിയെ ഉപയോഗിക്കുകയാണെന്നും എന്നാല്‍ ഇതുവരെയായിട്ടും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തേജസ്വി യാദവ് സര്‍ക്കാരിനെതിരെയും കേന്ദ്ര ഏജന്‍സികള്‍ക്കെതിരെയും തുറന്നടിച്ചത്.

നിതീഷ് കുമാറിന്റെ ജെഡിയുവിനെ ഇല്ലാതാക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നതായും എന്നാല്‍ അവര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.

അച്ഛന്‍ ലാലു പ്രസാദ് യാദവിന്റെ അഭാവത്തില്‍ പാര്‍ട്ടിയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ നടത്തിയാണ് താനാണ്. ഒരു തവണ ഉപമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി. വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ തനിക്ക് കഴിവുണ്ടെന്നും തേജസ്വി യാദവ് കൂട്ടിച്ചേര്‍ത്തു.