അഴിമതിക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന സാംസങ് ഇലക്ട്രോണിക്സ് വൈസ് ചെയര്മാന് ലീ ജെ യങ്ങിന് തടവുശിക്ഷയില്‍ ഇളവ്. ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് മാപ്പ് നല്‍കിയതോടെയാണിത്. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംഭാവന ചെയ്യാന്‍ അദ്ദേഹത്തിന് അവസരം നല്‍കുകയാണെന്ന് നിയമന്ത്രി ഹാന്‍ ഡോങ്-ഹൂണ്‍ പറഞ്ഞു.
9.9 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ലോക സമ്പന്നരില്‍ 278-ാം സ്ഥാനമുള്ള വ്യക്തിയാണ് ലീ ജെ യങ്. 18 മാസത്തെ ജയില്‍വാസത്തിന് ശേഷം 2021 ഓഗസ്റ്റില്‍ പരോളില്‍ പുറത്തിറങ്ങിയിരുന്നു.
മുന്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക് കുനേയ്ക്ക് കൈക്കൂലി നല്‍കിയെന്ന കേസിലാണ് ലീയെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചത്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട വ്യവസായികള്‍ക്ക് സാമ്പത്തിക കാരണങ്ങളാല്‍ ശിക്ഷയില്‍ ഇളവ് നല്‍കുന്നത് ദക്ഷിണ കൊറിയയില്‍ പതിവാണ്. അഴിമതി ആരോപണത്തെ തുടര്‍ന്ന് പാര്‍ക് കുനെയും പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്തായിരുന്നു.
സാംസങ് ചെയര്‍മാനായ പിതാവ് ലീ കുനേ മൂന്നു വര്‍ഷം മുമ്പുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് അബോധാവസ്ഥയില്‍ ആശുപത്രിയിലാണ്. അതിനാല്‍ ലി ജെ യങ്ങാണ് കമ്പനിയെ നയിക്കുന്നത്.