സ്‌നോമാന്റെ രചയിതാവ് റെയ്മണ്ട് ബ്രിഗ്‌സ് അന്തരിച്ചു

ലണ്ടന്‍: പ്രശസ്ത ബ്രിട്ടീഷ് ബാലസാഹിത്യകാരനും ചിത്രകാരനുമായ റെയ്മണ്ട് ബ്രിഗ്‌സ് (88) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ട ദി സ്‌നോമാന്‍, ഫംഗസ് ദി ബൂഗിമാന്‍ എന്നിവയാണ് ബ്രിഗ്‌സിന്റെ പ്രശസ്തമായ ചിത്രകഥകള്‍.

1934-ല്‍ ലണ്ടനില്‍ ജനിച്ച ബ്രിഗ്‌സ് കുറച്ചുകാലം പരസ്യമേഖലയില്‍ ജോലി ചെയ്ത ശേഷമാണ് ചിത്രകഥാ രചനയിലേക്ക് കടക്കുന്നത്. 1966-ല്‍ തയ്യാറാക്കിയ നഴ്‌സറിഗാനങ്ങളുടെ സമാഹാരമായ ദി മദര്‍ ഗൂസ് ട്രഷറി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബാലസാഹിത്യത്തിലെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന കേറ്റ് ഗ്രീന്‍ എവേ മെഡലിനും അദ്ദേഹം അര്‍ഹത നേടിയിട്ടുണ്ട്. 1970-ലും ഈ പുരസ്‌കാരം ലഭിച്ചു. 1977-ല്‍ ഫംഗസ് ദി ബൂഗിമാനും 1978-ല്‍ സ്‌നോമാനും പുറത്തിറങ്ങി.

ബ്രിഗ്‌സിന് ഏറെ പ്രസിദ്ധി നേടിക്കൊടുത്ത സ്‌നോമാന്‍ ലോകത്താകമാനം 55 ലക്ഷം കോപ്പികളാണ് വിറ്റഴിഞ്ഞത്. 1982-ല്‍ പുറത്തിറക്കിയ ഈ ചിത്രകഥയുടെ ആനിമേഷന്‍ വകഭേദം പിന്നീടുള്ള എല്ലാ ക്രിസ്തുമസിനും ബ്രിട്ടീഷ് ടി.വിയില്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്.