എന്‍ഐഎ വാദം തള്ളി; വരവര റാവുവിന് സ്ഥിരം ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡെല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ കവിയും ആക്ടിവിസ്റ്റുമായ വരവര റാവുവിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ആരോഗ്യകാരണങ്ങളാലാണ് സ്ഥിരം ജാമ്യം അനുവദിക്കുന്നതെന്ന് ജസ്റ്റിസ് യു.യു.ലളിത് പറഞ്ഞു. നിലവില്‍ ഇടക്കാല ജാമ്യത്തിലാണ് വരവര റാവു.

സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യകുതെന്ന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി നിര്‍ദ്ദേശിച്ചു. സ്ഥിരം ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി ഉത്തരവിന് എതിരെയാണ്, 82-കാരനായ വരവര റാവു സുപ്രീം കോടതിയെ സമീപിച്ചത്. സ്ഥിരം ജാമ്യം നല്‍കുന്നതിനെ ദേശീയ അന്വേഷണ ഏജന്‍സി എതിര്‍ത്തിരുന്നു.

2017 ഡിസംബര്‍ 13-ന് പൂനെയിലെ എല്‍ഗാര്‍ പരിഷത്ത് സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് വരവര റാവു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. പ്രസംഗം സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്നതാണെന്നായിരുന്നു കേസ്. പിറ്റേന്ന് ഭീമ കൊറേഗാവില്‍ നടന്ന അക്രമത്തിന് പ്രസംഗം കാരണമായതായും പൊലീസ് ആരോപിച്ചു. മാവോയിസ്റ്റ് ബന്ധമുള്ളവരാണ് സമ്മേളനം സംഘടിപ്പിച്ചതെന്നായികുന്നു പൂനെ പൊലീസിന്റെ കണ്ടെത്തല്‍. ഈ കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. ഹൈദരാബാദിലെ വീട്ടില്‍നിന്ന് 2018 ഓഗസ്റ്റിലാണ് വരവര റാവുവിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.