നിതീഷ് കുമാര്‍ ബി.ജെ.പി സഖ്യം ഉപേക്ഷിക്കുന്നു; ജെ.ഡി.യു നിര്‍ണ്ണായക യോഗം ഇന്ന്

പാട്‌ന: രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെ ബിഹാറില്‍ ജെ.ഡി.യുവിന്റെ നിര്‍ണ്ണായക തീരുമാനം ഇന്നുണ്ടായേക്കും. മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിളിച്ചു ചേര്‍ത്ത ജെ.ഡി.യു എം.എല്‍.എമാരുടെയും നേതാക്കളുടെയും യോഗം ഇന്ന് ചേരും. മുഴുവന്‍ പാര്‍ട്ടി എം.പിമാരോടും എം.എല്‍.എമാരോടും അടിയന്തരമായി പാട്‌നയില്‍ എത്തിച്ചേരാനാണ് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്‍.ഡി.എ സഖ്യം വിടുന്നത് അടക്കമുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ ഈ യോഗത്തില്‍ ഉണ്ടായേക്കാമെന്നാണ് സൂചന. ബിഹാര്‍ രാഷ്ട്രീയത്തില്‍ ഏറെ നാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന ജെ.ഡി.യു-ബി.ജെ.പി സഖ്യത്തിലെ അതൃപ്തിയാണ് ഇപ്പോള്‍ പൊട്ടിത്തെറിയുടെ വക്കിലെത്തി നില്‍ക്കുന്നത്.

മഹാരാഷ്ട്ര മോഡലില്‍ ശിവസേനയെ പിളര്‍ത്തി ഭരണം നേടിയതുപോലെ പാര്‍ട്ടിയ്ക്കുള്ളില്‍ വിമതരെ സൃഷ്ടിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന ജെ.ഡി.യു നേതൃത്വത്തിന്റെ സംശയമാണ് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ കാരണമായത്. മുന്നണി ബന്ധം അവസാനിപ്പിച്ചാല്‍ സര്‍ക്കാര്‍ രാജിവെച്ചേക്കും.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി നിതീഷ് കുമാര്‍ ഫോണില്‍ സംസാരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ബി.ജെ.പി ബന്ധം ഉപേക്ഷിച്ചാല്‍ ജെ.ഡി.യുവുമായി സഹകരിക്കാമെന്ന് പ്രതിപക്ഷമായ ആര്‍.ജെ.ഡി വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പി സഖ്യം വിട്ടാല്‍ ജെ.ഡി.യുവിനെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസും അറിയിച്ചിട്ടുണ്ട്.

ബിഹാറിലെ 243 അംഗ നിയമസഭയില്‍ 80 സീറ്റുള്ള ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ബി.ജെ.പിയ്ക്ക് 77 സീറ്റുണ്ട്. ജെ.ഡി.യുവിന് 55 സീറ്റുകളാണ് ഉള്ളത്. ആര്‍.ജെ.ഡിയുമായി സഖ്യത്തിലുള്ള കോണ്‍ഗ്രസിന് 19 സീറ്റുണ്ട്. നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 122 എം.എല്‍.എമാരുടെ പിന്തുണയാണ് വേണ്ടത്.