യുക്രെയ്‌നില്‍ ആണവനിലയത്തിന് നേരെ വീണ്ടും ആക്രമണം

കീവ്: യുക്രെയ്‌നില്‍ റഷ്യന്‍ നിയന്ത്രണത്തിലുള്ള പ്രദേശത്തെ സാപോറീഷ്യ ആണവനിലയത്തിന് നേരെ വീണ്ടും ആക്രമണം. റഷ്യ ഷെല്ലാക്രമണം നടത്തിയതായി യുക്രെയ്‌നും യുക്രെയ്‌നാണ് ആക്രമണം നടത്തിയതെന്ന് റഷ്യയും പരസ്പരം ആരോപിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമാണിത്. കഴിഞ്ഞ വെള്ളിയാഴ്ചയും ആക്രമണം നടന്നിരുന്നു.

ആണവ ഇന്ധനം 174 സംഭരണികളിലായി സൂക്ഷിച്ചിരുന്നിടത്താണ് റഷ്യയുടെ റോക്കറ്റുകള്‍ പതിച്ചതെന്ന് യുക്രെയ്‌ന്റെ ആണവ കമ്പനിയായ എനര്‍ഗോ ആറ്റം അറിയിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ യുദ്ധത്തിന്റെ തുടക്കസമയത്ത് തന്നെ റഷ്യന്‍ സേന സാപോറീഷ്യ പിടിച്ചെടുത്തെങ്കിലും യുക്രെയ്ന്‍ സാങ്കേതികവിദഗ്ധരാണ് നിലയത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. ആക്രമണത്തില്‍ രാജ്യാന്തര ആണവോര്‍ജ ഏജന്‍സി ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.