സഞ്ജയ് റാവത്തിന്റെ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടി

മുംബൈ: കള്ളപ്പണം വെളുപ്പിച്ച കേസില്‍ അറസ്റ്റിലായ ശിവസേന എം.പി സഞ്ജയ് റാവത്തിന്റെ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടി. കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കുന്ന സാഹചര്യത്തില്‍ റാവത്തിനെ മുംബൈയിലെ പ്രത്യേക കോടതിയില്‍ ഇ.ഡി.ഹാജരാക്കുകയായിരുന്നു.

വീട്ടില്‍നിന്ന് ഭക്ഷണവും മരുന്നും കൊണ്ടുവരാന്‍ അനുവദിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. എന്നാല്‍, കിടക്കയ്ക്കായുള്ള ആവശ്യം നിരസിച്ചു. ജയില്‍ നിയമം അനുസരിച്ചുള്ള ക്രമീകരണങ്ങള്‍ റാവത്തിന് നല്‍കുമെന്നും കോടതി അറിയിച്ചു. ഓഗസ്റ്റ് ഒന്നാം തീയതിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സഞ്ജയ് റാവത്തിനെ അറസ്റ്റ് ചെയ്തത്.

റാവത്തിന്റെ മുംബൈയിലെ ഭാണ്ഡൂപ്പിലുള്ള വസതിയില്‍ പരിശോധന നടത്തിയ ഇ.ഡി. 15 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് നാല് ദിവസത്തേക്ക് കോടതി ഇ.ഡി.കസ്റ്റഡിയില്‍ വിട്ടു. പിന്നീട് അന്വേഷണത്തിലെ പുരോഗതി ചൂണ്ടിക്കാട്ടി പ്രത്യേക കോടതി ജഡ്ജി എം.ജി.ദേശ്പാണ്ഡെ ഓഗസ്റ്റ് എട്ട് വരെ കസ്റ്റഡി നീട്ടി നല്‍കുകയായിരുന്നു.