ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ എം.പിമാര്‍ ഹാജരാകണം; ആര്‍ക്കും ഇളവില്ലെന്ന് വെങ്കയ്യ നായിഡു

ന്യൂഡെല്‍ഹി: സഭാ സമ്മേളനത്തിന്റെ പേരിലോ മറ്റെന്തെങ്കിലും കാരണത്താലോ ക്രിമിനല്‍ കേസുകളില്‍ പെട്ട പാര്‍ലമെന്റ് അംഗങ്ങളുടെ സമന്‍സ് അവഗണിക്കാന്‍ കഴിയില്ലെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. പ്രതിപക്ഷ നേതാക്കളെ നിരന്തരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിക്കുന്നത് ചൂണ്ടിക്കാട്ടി രാജ്യസഭയില്‍ അംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തിയപ്പോഴാണ് സഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി പ്രസ്താവന നടത്തിയത്. അംഗങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് രാജ്യസഭ രാവിലെ 11.30 വരെ നിര്‍ത്തിവെച്ചിരുന്നു.

‘സഭാ സമ്മേളനത്തിന്റെ പേരിലോ മറ്റെന്തെങ്കിലും കാരണത്താലോ ക്രിമിനല്‍ കേസുകളില്‍പ്പെട്ട പാര്‍ലമെന്റ് അംഗങ്ങളുടെ സമന്‍സ് അവഗണിക്കാന്‍ കഴിയില്ല. നിയമം അനുസരിക്കുന്ന പൗരന്മാര്‍ എന്ന നിലയില്‍ രാജ്യത്തെ നിയമവും നിയമനടപടികളും പാലിക്കാന്‍ ജനപ്രതിനിധികളെന്ന നിലയില്‍ നാമെല്ലാം ബാധ്യസ്ഥരാണ്’ വെങ്കയ്യ നായിഡു പറഞ്ഞു.

അതേസമയം അവശ്യസാധനങ്ങളുടെ വിലവര്‍ധവ്, തൊഴിലില്ലായ്മ, ജി.എസ്.ടി എന്നിവയ്‌ക്കെതിരെ കോണ്‍ഗ്രസ് ഡെല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ഡെല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കാനും രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിനുമാണ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തതെങ്കിലും ഇതിന് ഡെല്‍ഹി പൊലീസ് അനുമതി നല്‍കിയിരുന്നില്ല. ഇതേത്തുടര്‍ന്ന് പാര്‍ലമെന്റിന് മുമ്പില്‍ കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് കോണ്‍ഗ്രസ് നേതാക്കളെല്ലാവരും പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശശി തരൂര്‍, കെ.സി. വേണുഗോപാല്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഹൈബി ഈഡന്‍ തുടങ്ങി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.