തായ് വാൻ ചുറ്റി ചൈന സൈനികാഭ്യാസ പ്രകടനം തുടങ്ങി

ബീജിങ്: തായ് വാനെ ഭീഷണിയുടെ മുൾമുനയിൽ നിർത്താൻ ചൈന. തായ് വാൻ ചുറ്റിയായിരുന്നു ചൈനയുടെ സൈനികാഭ്യാസ പ്രകടനത്തിനാണ് തുടക്കം. അന്താരാഷ്ട്ര സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് ചൈന ആദ്യ മിസൈൽ തൊടുത്തുകൊണ്ട് പ്രകടനം ആരംഭിച്ചത്.

മിസൈൽ പ്രയോഗിച്ചതായി ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയും തയ്വാൻ പ്രതിരോധമന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. തയ്വാന് ചുറ്റും സമുദ്രത്തിലേക്ക് നിരവധി മിസൈലുകൾ ചൈന തൊടുത്തതായി സ്റ്റേറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തയ്വാന്റെ വടക്ക് കിഴക്കൻ, തെക്ക് പടിഞ്ഞാറൻ തീരത്തിന് സമീപത്തുള്ള സമുദ്രഭാഗത്തും ആകാശത്തും നിരവധി മിസൈൽ തൊടുത്തതായി ചൈനയുടെ ഈസ്റ്റേൺ തീയേറ്റർ കമാൻഡ് വ്യക്തമാക്കി.

അതേസമയം ചൈന നടത്തിയത് ബാലിസ്റ്റിക് മിസൈൽ പ്രയോഗമാണെന്നാണ് തയ്വാൻ പ്രതിരോധമന്ത്രി പ്രതികരിച്ചത്. തയ്വാന് ചുറ്റും നിരവധി ബാലിസ്റ്റിക് മിസൈലുകൾ ചൈന പ്രയോഗിച്ചു. പ്രദേശത്തിന്റെ സമാധാനം തകർക്കുന്ന യുക്തിരഹിതമായ നടപടിയാണ് ചൈനയുടേതെന്നും പ്രതിരോധമന്ത്രി പ്രതികരിച്ചു.

ഇതിന് മുൻപ് ഏറ്റവും ഒടുവിൽ 1996ലാണ് ചൈന തയ്വാന് ഭീഷണി ഉയർത്തി സൈനികാഭ്യാസം നടത്തിയത്. ഇക്കുറി യുഎസ് ജനപ്രതിനിധി നാൻസി പെലോസിയുടെ തയ്വാൻ സന്ദർശനമാണ് ചൈനയെ പ്രകോപിപ്പിച്ചത്. .

തയ്വാനെ ചുറ്റി ആറ് മേഖലകളിലായി നിശ്ചയിച്ചിരിക്കുന്ന അഭ്യാസം വ്യാഴാഴ്ച മുതൽ ഞായറാഴ്ചവരെ നീണ്ടുനിൽക്കും. ഇതുവരെ കാണാത്തവിധത്തിലുള്ള ശക്തിപ്രകടനത്തിനാണ് ചൈന ഒരുങ്ങുന്നത്. തയ്വാനുമേലുള്ള ആധിപത്യം ലോകത്തെ ബോധ്യപ്പെടുത്തുകയാണ് ചൈനയുടെ ലക്ഷ്യം.

പെലോസി തയ്വാനിൽ വിമാനമിറങ്ങിയതിനു തൊട്ടുപിന്നാലെ ചൈന സൈനിക വിന്യാസം ആരംഭിച്ചിരുന്നു. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 21 യുദ്ധവിമാനങ്ങൾ ചൊവ്വാഴ്ച തങ്ങളുടെ വ്യോമ പ്രതിരോധ മേഖലയിൽ കടന്നെന്ന് തയ്വാന്റെ പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചു.