അമേരിക്കയിലെ വിദഗ്ധ ചികിൽസയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയെത്തി

തിരുവനന്തപുരം: അമേരിക്കയിൽ വിദഗ്ധ ചികിൽസയ്ക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയെത്തി. ഇന്ന് പുലർച്ചെയാണ് അദ്ദേഹം സംസ്ഥാനത്തെത്തിയത്. രണ്ടാഴ്ചയിലേറെ നീണ്ട ചികിത്സക്ക് ശേഷം ചില വിദേശ രാജ്യങ്ങളിലേക്ക് യാത്ര നിശ്ചയിച്ചിരുന്നുവെങ്കിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങിയത്. തൃക്കാക്കരയിലെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് യോഗം 12 ന് പിണറായി ഉദ്ഘാടനം ചെയ്യും.മുഖ്യമന്ത്രി ചികിൽസക്കായി ഏപ്രിൽ 24 നാണ് അമേരിക്കയിലെ മിനസോട്ടയിലെ മയോ ക്ലിനിക്കിലേക്ക് പോയത്. സിപിഎം സംസ്ഥാന സെക്രട്ടറിയും ഇവിടെ ചികിൽസയിലാണ്. തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ അദ്ദേഹവും താമസിയാതെ മടങ്ങിയെത്തുമെന്നാണ് സൂചന.തൃക്കാക്കര മണ്ഡലത്തിലെ പാലാരിവട്ടം ബൈപ്പാസ് ജംഗ്ഷനിൽ മെയ്‌ 12 ന് നടക്കുന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സി പി എമ്മിൽ വിഭാഗീയത നിലനിൽക്കുന്ന എറണാകുളം ജില്ലയിൽ യു ഡി എഫിൽ നിന്ന് മണ്ഡലം പിടിച്ചെടുക്കാൻ പിണറായി അടക്കം ഇടത് നേതാക്കൾ വരും ദിവസങ്ങളിൽ മണ്ഡലത്തിൽ സജീവമാകും.