അമിത്ഷായുടെ ഹിന്ദി വാദത്തിനെതിരെ ‘ഹിന്ദി തെരിയാത് പോടാ’ ക്യാമ്പയിനുമായി തമിഴ്‌നാട്

ന്യൂ ഡെല്‍ഹി: വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ പരസ്പരം ഹിന്ദിയില്‍ സംസാരിക്കണമെന്ന കേന്ദ്രമന്ത്രി അമിത്ഷായുടെ പ്രസ്താവനയ്‌ക്കെതിരെ ‘ഹിന്ദി തെരിയാത് പോടാ’ എന്ന ഹാഷ് ടാഗ് ക്യാമ്പയിനുമായി തമിഴ്‌നാട്. അമിത്ഷായുടെ ഹിന്ദി വാദത്തിനെതിരെ തമിഴ്‌നാട്ടില്‍ തുടങ്ങിയ ക്യാമ്പയില്‍ ദേശീയ തലത്തിലും പ്രചരിക്കുകയാണ്.

ഇംഗ്ലീഷിന് ബദലാകണം ഹിന്ദിയെന്നും വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ പരസ്പരം ഹിന്ദിയില്‍ സംസാരിക്കണമെന്നുമായിരുന്നു അമിത്ഷായുടെ പ്രസ്താവന. ഇതിനെതിരെ ഡിഎംകെ അടക്കമുള്ള ദക്ഷിണേന്ത്യന്‍ പാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസും പ്രതിഷേധം അറിയിച്ചു. ഇതിന് പിന്നാലെ രംഗത്തെത്തിയ കോണ്‍ഗ്രസ് സാംസ്‌കാരിക തീവ്രവാദത്തിനാണ് അമിത്ഷാ ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി.

തമിഴ്‌നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭം ഓര്‍മ്മപ്പെടുത്തി രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കരുതെന്ന് ഡിഎംകെ മുന്നറിയിപ്പ് നല്‍കി. ഒരു രാജ്യം ഒരു ഭാഷ എന്ന അജണ്ട നടപ്പാക്കാനുള്ള ബിജെപി നീക്കമാണ് അമിത്ഷായുടെ പ്രസ്താവനയ്ക്ക് പിന്നിലെന്നാണ് ആക്ഷേപം.