ഇന്ത്യയിലേക്ക് വീണ്ടും ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെത്തി; 21 പേരടങ്ങിയ സംഘം രാമേശ്വരത്ത്

കന്യാകുമാരി: സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ശ്രീലങ്കയില്‍ നിന്ന് കൂടുതല്‍ അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക്. 21 പേരടങ്ങിയ സംഘമാണ് രാമേശ്വരത്ത് എത്തിയത്. രണ്ട് സംഘമായി എത്തിയ ഇവരെ മണ്ഡപം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ജാഫ്‌നയില്‍ സ്വദേശികളായ ഇവര്‍ തലൈമാന്നാറില്‍ നിന്നാണ് രാമേശ്വരത്ത് എത്തിയത്.

അഞ്ച് പേരടങ്ങിയ ആദ്യ സംഘത്തെ പുലര്‍ച്ചെ പിടികൂടിയതിന് പിന്നാലെ ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെ കണ്ടെത്തിയത്. ഏഴ് കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ഇപ്പോള്‍ വന്നവരെന്നാണ് വിവരം. കടല്‍ അതിര്‍ത്തിക്കടുത്തുള്ള ചെറുമണല്‍ തിട്ടയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.

ധാരാളം പേര്‍ ശ്രീലങ്കയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് വരാന്‍ തയാറായി നില്‍ക്കുന്നതായി പിടിയിലായ അഭയാര്‍ത്ഥികള്‍ പറഞ്ഞു. നേരത്തെയും ശ്രീലങ്കയില്‍ നിന്ന് അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് കടന്നിരുന്നു. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് തങ്ങള്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചതെന്ന് അവര്‍ പറഞ്ഞിരുന്നു.

അതേസമയം ശ്രീലങ്കയില്‍ പുതിയ സാമ്പത്തിക വര്‍ഷം അവസ്ഥ കൂടുതല്‍ മോശമാകുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ശ്രീലങ്കന്‍ കറന്‍സിയുടെ മൂല്യം ഇടിഞ്ഞിരിക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ രോഷാകുലരായ ജനങ്ങള്‍ ഇപ്പോഴും രാജ്യത്ത് പ്രക്ഷോഭങ്ങള്‍ തുടരുകയാണ്.