സ്വന്തം വീട് നോക്കാന്‍ കഴിയാത്തയാളാണ് ബി.എസ്.പിയെ വിമര്‍ശിക്കുന്നത്; രാഹുലിന് മറുപടിയുമായി മായാവതി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിയെ ചെറുക്കാന്‍ ബി.എസ്.പി അധ്യക്ഷ തയ്യാറായില്ലെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മായാവതി രംഗത്ത്. ബി.എസ്.പിക്കെതിരെ രാഹുല്‍ ഗാന്ധി അടിസ്ഥാനരഹിതമായ വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നതെന്ന് മായാവതി പറഞ്ഞു. സ്വന്തം വീട് നോക്കാന്‍ കഴിയാത്തയാളാണ് ബി.എസ്.പിയെ വിമര്‍ശിക്കുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ കോണ്‍ഗ്രസ് നൂറുവട്ടം ചിന്തിക്കണമെന്ന് മായാവതി പറഞ്ഞു. ബിജെപിക്കെതിരെ ജയിക്കാന്‍ സാധിക്കാത്തവര്‍ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയാണ്. അധികാരത്തില്‍ ഇരിക്കുമ്പോഴും പുറത്തായപ്പോഴും അവര്‍ ജനത്തിന് വേണ്ടി ഒന്നും ചെയതിട്ടില്ലെന്നും മായാവതി ചൂണ്ടിക്കാട്ടി.

മായാവതിക്ക് ഇപ്പോള്‍ യുപിയില്‍ ദളിതര്‍ക്കായി പോരാടാന്‍ കഴിയുന്നില്ലെന്നും സിബിഐ, ഇഡി, പെഗാസസ് എന്നീ വിഷയങ്ങള്‍ യുപി തിരഞ്ഞെടുപ്പില്‍ ഉന്നയിക്കാന്‍ മായാവതി തയാറായില്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബി.എസ്.പിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നെങ്കിലും മായാവതി അനുകൂലമായി പ്രതികരിച്ചില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.

ഭരണഘടനയെ സംരക്ഷിക്കണമെങ്കില്‍ നമ്മുക്ക് ഭരണഘടനാ സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ടതായിട്ടുണ്ട്. എന്നാല്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ മുഴുവന്‍ ആര്‍എസ്എസിന്റെ കൈയിലാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.