ഡിപിആര്‍ തയ്യാറാക്കാനാണ് അനുമതി; കെ റെയിലിന് അന്തിമാനുമതി നല്‍കിയിട്ടില്ല: കേന്ദ്ര റെയില്‍വേ ബോര്‍ഡ്

ന്യൂ ഡെല്‍ഹി: കെ റെയില്‍ പദ്ധതിയില്‍ ഡി.പി.ആര്‍ തയ്യാറാക്കാന്‍ മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളതെന്നും പദ്ധതിക്ക് അന്തിമാനുമതി നല്‍കിയിട്ടില്ലെന്നും കേന്ദ്ര റെയില്‍വേ ബോര്‍ഡ്. കൊടിക്കുന്നില്‍ സുരേഷ് എം.പി നല്‍കിയ കത്തിന് കേന്ദ്ര റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനയ് ത്രിപാഠി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ഇതാദ്യമായാണ് കേന്ദ്ര റെയില്‍ ബോര്‍ഡ് ചെയര്‍മാന്‍ കെ റെയില്‍ പദ്ധതിയില്‍ രേഖാമൂലം ഒരു എം.പിക്ക് വിശദീകരണം നല്‍കുന്നത്. പദ്ധതിക്ക് തത്വത്തിലുള്ള അനുമതിയാണ് നല്‍കിയിട്ടുള്ളത്. ഡി.പി.ആര്‍ അവതരണം, ഇതിന്റെ സാമ്പത്തിക കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിശദാംശങ്ങളും അറിയിക്കാനുള്ള അംഗീകാരം മാത്രമാണ് തത്വത്തിലുള്ള അനുമതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ത്രിപാഠി പറയുന്നു.

സര്‍വേയ്ക്ക് ശേഷം കെ റെയില്‍ അധികൃതര്‍ റെയില്‍വേ വകുപ്പിന് ഡി.പി.ആര്‍ സമര്‍പ്പിച്ചിരുന്നു. ഡി.പി.ആറിലെ പിഴവാണ് ഇപ്പോള്‍ ചൂണ്ടിക്കാണിച്ചത്. പ്രാഥമിക അനുമതിയുടെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച രേഖകള്‍ അപൂര്‍ണമാണ്. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കെ റെയില്‍ അധികൃതര്‍ ഇതുവരെ ചെയ്തിട്ടില്ലെന്ന് ത്രിപാഠി വ്യക്തമാക്കുന്നു.