അധികാര കേന്ദ്രത്തില്‍ ജനിച്ചിട്ടും അധികാരത്തോട് താത്പര്യമില്ല; ഇന്ത്യയെ മനസിലാക്കാനാണ് ശ്രമിച്ചത്: രാഹുല്‍ ഗാന്ധി

ന്യൂ ഡെല്‍ഹി: അധികാര കേന്ദ്രത്തില്‍ ജനിച്ചിട്ടും അധികാരം നേടുന്നതിനേക്കാള്‍ ഇന്ത്യ എന്ന രാജ്യത്തെ മനസിലാക്കാനാണ് താന്‍ ശ്രമിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തനിക്ക് അധികാരത്തോട് താത്പര്യം തോന്നിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡെല്‍ഹിയില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെല്ലാം ഇപ്പോള്‍ ആര്‍എസ്എസിന്റെ കൈയിലാണെന്നും ചില രാഷ്ട്രീയക്കാര്‍ക്ക് അധികാരം നേടുന്നതില്‍ മാത്രമാണ് താത്പര്യമെന്നും അദ്ദേഹം വിമര്‍ശിച്ചു. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിഎസ്പിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നെങ്കിലും മായാവതി അനുകൂലമായി പ്രതികരിച്ചില്ലെന്ന് രാഹുല്‍ പറഞ്ഞു.

മായാവതിക്ക് ഇപ്പോള്‍ യുപിയില്‍ ദളിതര്‍ക്കായി പോരാടാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സിബിഐയും ഇഡിയും പെഗാസസും ഉള്ളതുകൊണ്ടാണ് ഇത്തവണ മായാവതി ദളിതര്‍ക്കായി പോരാടാതിരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടനയെ സംരക്ഷിക്കണമെങ്കില്‍ നമ്മുക്ക് ഭരണഘടനാ സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ടതായിട്ടുണ്ട്. എന്നാല്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ മുഴുവന്‍ ആര്‍എസ്എസിന്റെ കൈയിലാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.