ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്; ഇന്ന് സിലിണ്ടറില്‍ മാലചാര്‍ത്തി ചെണ്ട കൊട്ടി മണിയടിച്ച് പ്രതിഷേധം

ന്യൂ ഡെല്‍ഹി: ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന വിലക്കയറ്റരഹിത ഭാരത പ്രചാരണ പരിപാടികള്‍ക്ക് വിജയ് ചൗക്കില്‍ തുടക്കം കുറിച്ചു. ഇന്ന് മുതല്‍ ഒരാഴ്ച വരെ നീളുന്ന രാജ്യവ്യാപക പ്രതിഷേധ പരിപാടികള്‍ക്കാണ് തുടക്കമായത്.

ഇന്ന് രാവിലെ 11 മണിക്ക് വീടുകള്‍ക്ക് മുമ്പിലും പൊതുസ്ഥലങ്ങളിലും ഗ്യാസ് സിലിണ്ടറുകളില്‍ മാലചാര്‍ത്തി പ്രതിഷേധിക്കും. സിലിണ്ടറിന് മുന്നില്‍ നിന്ന് ചെണ്ട കൊട്ടിയും മണിയടിച്ചും പ്രതിഷേധിക്കാനും കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ പരിപാടികള്‍ അടുത്ത ദിവസങ്ങളില്‍ നടക്കും.

ഇന്ധന വില വര്‍ധനവിനെതിരെ വിജയ് ചൗക്കില്‍ കോണ്‍ഗ്രസ് എംപിമാര്‍ ചേര്‍ന്ന് പ്രതിഷേധ പ്രകടനം നടത്തി. വില കയറ്റത്തെ തുടര്‍ന്ന് ജനങ്ങള്‍ തീരാ ദുരിതത്തിലാണെന്നും വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഇന്ധന വിലവര്‍ധനയില്‍ സംയുക്ത പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത് എല്ലാ പാര്‍ട്ടികളെയും സഹകരിപ്പിച്ച് മുന്നോട്ട് പോകുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.

അതേസമയം ഇന്ധന വില വര്‍ധവിനെതിരെ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് കോണ്‍ഗ്രസ് നോട്ടീസ് നല്‍കി. എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, വി കെ ശ്രീകണ്ഠന്‍ എന്നിവരാണ് നോട്ടീസ് നല്‍കിയത്.