കര്‍ണാടകയില്‍ ഹിജാബിട്ട പെണ്‍കുട്ടികളെ എസ്എസ്എല്‍സി പരീക്ഷക്കിരുത്തി; ഏഴ് അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍

ബംഗളൂരു: കര്‍ണാടകയില്‍ ഹിജാബിട്ട പെണ്‍കുട്ടികളെ എസ്എസ്എല്‍സി പരീക്ഷക്കിരുത്തിയ സംഭവത്തില്‍ ഏഴ് അധ്യാപകര്‍ക്ക് സസ്പന്‍ഷന്‍. സിഎസ് പാട്ടീല്‍ ഗേള്‍സ്, ബോയ്സ് ഹൈസ്‌കൂളുകളിലെ അധ്യാപകരെയാണ് സസ്പെന്‍ഡ് ചെയ്തത്. രണ്ട് സൂപ്രണ്ടുമാര്‍ക്കും സസ്പെന്‍ഷന്‍ ലഭിച്ചു.

ഹിജാബ് അനുവദിക്കാത്തതിന്റെ പേരില്‍ ആയിരക്കണക്കിന് മുസ്ലീം പെണ്‍കുട്ടികള്‍ പരീക്ഷ എഴുതുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികളെ അതഴിപ്പിച്ച് പരീക്ഷക്കിരുത്തിയ സാഹചര്യവുമുണ്ട്. ചില സ്വകാര്യ സ്‌കൂളുകളില്‍ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കുന്നുണ്ട്.

കര്‍ണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനമാകാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മുസ്ലീം പെണ്‍കുട്ടികള്‍ നല്‍കിയ ഹര്‍ജി മാര്‍ച്ച് 15ന് ആണ് കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇസ്ലാം മത വിശ്വാസത്തിന്റെ അവിഭാജ്യഘടകമല്ല ഹിജാബ് എന്നായിരുന്നു കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടത്. ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ ഒരു സംഘം വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജി തള്ളി കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.