ചെന്നൈ: അധ്യാപകന്റെ പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. അധ്യാപകനായ മുരളീകൃഷ്ണയെ (55) ആണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെയും രക്ഷിതാക്കളുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ വകുപ്പ് ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്.
വെല്ലൂരിലെ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനാണ് മുരളീകൃഷ്ണ. ഇയാള്‍ 2012 മുതല്‍ ജോലി ഇവിടെ ജോലി ചെയ്യുകയാണ്. തമിഴ്നാട് ഹൗസിംഗ് ബോര്‍ഡിന്റെ ക്വാര്‍ട്ടേഴ്സിലാണ് ഇയാള്‍ താമസിക്കുന്നത്. ലോക്ഡൗണിന് ശേഷം സ്കൂള്‍ തുറന്നപ്പോള്‍ മുതല്‍ ഏഴാംക്ലാസുകാരിയോട് അധ്യാപകന് മോശമായാണ് പെരുമാറിയതെന്ന് പൊലീസ് പറഞ്ഞു. ക്ലാസ് റൂമിലും സ്കൂള്‍ പരിസരത്ത് വച്ചും പെണ്‍കുട്ടിയോട് അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും സംസാരിക്കുകയും ചെയ്യാറുണ്ട്.
പെണ്‍കുട്ടി രക്ഷിതാക്കളോടു പരാതിപ്പെട്ടെങ്കിലും രക്ഷിതാക്കള്‍ വിഷയം ഗൗരവമായി കണ്ടില്ല. തുടര്‍ന്ന് പെണ്‍കുട്ടി പെയിന്റ് തിന്നര്‍ എടുത്ത് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയെ വെല്ലൂരിലെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്കി.