ദേശീയ പണിമുടക്കും ഇന്ധന വിലവര്‍ധനയും ചര്‍ച്ച ചെയ്യാതെ പാര്‍ലമെന്റ്

ന്യൂ ഡെല്‍ഹി: ദേശീയ പണിമുടക്കും ഇന്ധന വിലവര്‍ധനയും ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി പാര്‍ലമെന്റിന്റെ ഇരുസഭകളും. ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം അനുമതി തേടിയെങ്കിലും സ്പീക്കര്‍ ആവശ്യം നിരസിച്ചു. വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം രാജ്യസഭ അധ്യക്ഷനും തളളി.

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ പന്ത്രണ്ട് മണിവരെ നിര്‍ത്തി വച്ചു. ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ എംപിമാര്‍ പ്രതിഷേധിച്ചു. കേന്ദ്ര തൊഴില്‍ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് രാജ്യത്ത് പുരോഗമിക്കുകയാണ്.

അതേസമയം കേരളത്തില്‍ പണിമുടക്ക് ഹര്‍ത്താലായി. കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ അടക്കം നിലച്ചു. തിരുവനന്തപുരത്ത് ആര്‍.സി.സിയിലേക്ക് മാത്രമാണ് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നത്. ചില സ്ഥാപനങ്ങളില്‍ ജോലിക്ക് എത്തിയവരെ സമരക്കാര്‍ തടഞ്ഞു. തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണമായും അടഞ്ഞു കിടക്കുകയാണ്.

ദേശീയ പണിമുടക്ക് മുംബൈ, ന്യൂ ഡെല്‍ഹി തുടങ്ങിയ വന്‍ നഗരങ്ങളെ ബാധിച്ചിട്ടില്ല. ഇവിടെ വാഹനങ്ങള്‍ നിരത്തിലിറങ്ങുകയും ജനജീവിതം സാധാരണ നിലയിലുമാണ്. കര്‍ണാടകയില്‍ പത്താംക്ലാസ് പരീക്ഷ മാറ്റമില്ലാതെ നടക്കുന്നതിനൊപ്പം ജനജീവിതം സാധാരണ നിലയിലാണ്. ആന്ധ്രയിലും തെലങ്കാനയിലും പൊതുഗതാഗതവും സ്വകാര്യവാഹനങ്ങളും പതിവുപോലെ നിരത്തിലുണ്ട്. വ്യാപാരസ്ഥാപനങ്ങളും തുറന്നിട്ടുണ്ട്.