കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം; അനര്‍ഹര്‍ കടന്നു കയറിയോയെന്ന് അന്വേഷിക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി

ന്യൂ ഡെല്‍ഹി: കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം അനര്‍ഹര്‍ക്ക് കിട്ടിയോ എന്ന് അന്വേഷിക്കാന്‍ കേന്ദ്രത്തിന് അനുമതി നല്‍കി സുപ്രീംകോടതി. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ധനസഹായം അനര്‍ഹര്‍ നേടിയോ എന്ന് കണ്ടെത്താന്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

നാല് സംസ്ഥാനങ്ങളിലെ അഞ്ച് ശതമാനം നഷ്ടപരിഹാരത്തിന് വേണ്ടിയുള്ള അപേക്ഷ കേന്ദ്രത്തിന് പരിശോധിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞു. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് പരിശോധന നടത്താന്‍ അനുമതി കൊടുത്തത്. ഈ സംസ്ഥാനനങ്ങളില്‍ നഷ്ടപരിഹാരവും രേഖപ്പെടുത്തിയ മരണങ്ങളും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നാണ് വിവരം.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം പകര്‍ച്ചവ്യാധിയുടെ തുടക്കം മുതല്‍ ഇന്ത്യയില്‍ 5.16 ലക്ഷത്തിലധികം കൊറോണ മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം എന്നിവിടങ്ങളില്‍ ആകെ 2.36 ലക്ഷം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കൊറോണ പോസിറ്റിവായതിന് ശേഷം 30 ദിവസത്തിനുള്ളില്‍ മരണപ്പെടുകയാണെങ്കില്‍ അത് കൊറോണ മരണമായി കണക്കാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. കൊറോണ ബാധിച്ചയാള്‍ ആത്മഹത്യ ചെയ്താലും കൊറോണ മരണമായി കണക്കാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.