പാര്‍ലമെന്റ് മാര്‍ച്ചിനിടെ യുഡിഎഫ് എംപിമാരെ മര്‍ദ്ദിച്ച് ഡെല്‍ഹി പൊലീസ്; ഹൈബി ഈഡന്റെ മുഖത്തടിച്ചു, മുരളീധരനും രമ്യ ഹരിദാസിനും മര്‍ദ്ദനം

ന്യൂ ഡെല്‍ഹി: കെ റെയില്‍ പദ്ധതിക്കെതിരെ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിനിടെ യുഡിഎഫ് എംപിമാരെ ഡെല്‍ഹി പൊലീസ് മര്‍ദ്ദിച്ചു. എംപിമാരായ ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍, കെ മുരളീധരന്‍, രമ്യ ഹരിദാസ്, ടി എന്‍ പ്രതാപന്‍, ബെന്നി ബെഹന്നാന്‍ എന്നിവര്‍ക്കാണ് ഡെല്‍ഹി പൊലീസിന്റെ മര്‍ദ്ദനമേറ്റത്.

ഹൈബി ഈഡന്റെ മുഖത്തടിച്ചടിച്ച ഡെല്‍ഹി പൊലീസ് കെ മുരളീധരനെയും ടി എന്‍ പ്രതാപനെയും പിടിച്ചു തള്ളി. പുരുഷ പൊലീസുകാര്‍ മര്‍ദ്ദിച്ചതായി രമ്യ ഹരിദാസ് ആരോപിച്ചു. ഡീന്‍ കുര്യാക്കോസ്, ബെന്നി ബെഹന്നാന്‍ എന്നിവര്‍ക്ക് നേരെയും കയ്യേറ്റമുണ്ടായി. ബെന്നി ബെഹന്നാന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് പൊലീസ് തള്ളി.

എംപിമാര്‍ വിജയ് ചൗക്ക് ഭാഗത്ത് പ്രതിഷേധം നടത്തുന്നത് സാധാരണമാണ്. കേരളത്തിലെ എംപിമാര്‍ മാത്രം പങ്കെടുത്ത പ്രതിഷേധത്തിന് നേരെയാണ് ഡെല്‍ഹി പൊലീസ് അതിക്രമം ഉണ്ടായത്. അതേസമയം കെ റെയില്‍ പദ്ധതിക്കെതിരെ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് എം പിമാരായ ഹൈബി ഈഡനും ആന്റോ ആന്റണിയും നോട്ടീസ് നല്‍കി. പ്രതിഷേധത്തിന് ശേഷം പാലമെന്റിലേക്ക് പോകാനിരുന്ന എംപിമാര്‍ക്ക് നേരെയാണ് ഡെല്‍ഹി പൊലീസിന്റെ അതിക്രമം നടന്നത്.