മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂ ഡെല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് കെ റെയില്‍ പദ്ധതിക്കെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടത്. പാര്‍ലമെന്റ് ഹൗസിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഇരുവരും 20 മിനിറ്റോളം ചര്‍ച്ച നടത്തി.

മുഖ്യമന്ത്രിക്കൊപ്പം രാജ്യസഭാ അംഗമായ ജോണ്‍ ബ്രിട്ടാസുമുണ്ടായിരുന്നു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ നാല് മണിക്ക് മാധ്യമങ്ങളെ കാണുമ്പോള്‍ അറിയിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ റെയില്‍ വിഷയത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ താല്പര്യങ്ങളാണെന്ന കാര്യം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി പദ്ധതിക്ക് അനുമതി വാങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ച.

സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ യുഎഡിഎഫ് എംപിമാര്‍ ഇന്ന് പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പായിരുന്നു യുഎഡിഎഫ് എംപിമാരുടെ മാര്‍ച്ച്. മാര്‍ച്ചിനിടെ യുഡിഎഫ് എംപിമാരെ ഡെല്‍ഹി പൊലീസ് മര്‍ദ്ദിച്ചു. എംപിമാരായ ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍, കെ മുരളീധരന്‍, രമ്യ ഹരിദാസ്, ടി എന്‍ പ്രതാപന്‍, ബെന്നി ബെഹന്നാന്‍ എന്നിവര്‍ക്കാണ് ഡെല്‍ഹി പൊലീസിന്റെ മര്‍ദ്ദനമേറ്റത്.

ഹൈബി ഈഡന്റെ മുഖത്തടിച്ചടിച്ച ഡെല്‍ഹി പൊലീസ് കെ മുരളീധരനെയും ടി എന്‍ പ്രതാപനെയും പിടിച്ചു തള്ളി. പുരുഷ പൊലീസുകാര്‍ മര്‍ദ്ദിച്ചതായി രമ്യ ഹരിദാസ് ആരോപിച്ചു. ഡീന്‍ കുര്യാക്കോസ്, ബെന്നി ബെഹന്നാന്‍ എന്നിവര്‍ക്ക് നേരെയും കയ്യേറ്റമുണ്ടായി. ബെന്നി ബെഹന്നാന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് പൊലീസ് തള്ളി.