മാസ്‌ക് ധരിക്കുന്നതില്‍ ഇളവുണ്ടെന്നത് ശരിയല്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡെല്‍ഹി: മാസ്‌ക് ധരിക്കുന്നതില്‍ ഇളവുണ്ടെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊറോണ പ്രതിരോധത്തിന് മാസ്‌ക് ധരിക്കുന്നത് തുടരണമെന്നും കേന്ദ്രം വ്യക്തമാക്കി. മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസ് എടുക്കേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആദ്യം ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാല്‍ മാസ്‌ക് ഒഴിവാക്കാവുന്ന സാഹചര്യത്തില്‍ എത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.

കൊറോണയെ പ്രതിരോധിക്കാന്‍ തുടര്‍ന്നും എല്ലാവരും മാസ്‌ക് ധരിക്കണം. കേസ് എടുക്കുന്നതും പിഴ ഒടുക്കുന്നതും മാത്രം ഒഴിവാക്കിയാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കിയതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ കേസ് എടുക്കില്ലെന്നാണ് ആഭ്യന്തരമന്ത്രാലയം ഉത്തരവില്‍ പറയുന്നത്. 2020ലാണ് മാസ്‌കും ആള്‍ക്കൂട്ട നിയന്ത്രണവും ഉള്‍പ്പെടെയുള്ള കൊറോണ നിയന്ത്രണങ്ങള്‍ രാജ്യത്ത് നിലവില്‍ വരുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയമായിരുന്നു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഉത്തരവിന്റെ കാലാവധി അടുത്ത ദിവസം അവസാനിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ ഈ നിയമം നീട്ടുകയോ പുതുക്കുകയോ ചെയ്യേണ്ടതില്ലെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് പറയുന്നു.