സെക്കന്തരാബാദില്‍ തടി ഗോഡൗണില്‍ തീപിടിത്തം; 11 തൊഴിലാളികള്‍ വെന്തു മരിച്ചു, ഒരാള്‍ താഴേയ്ക്ക് ചാടി രക്ഷപ്പെട്ടു

തെലങ്കാന: സെക്കന്തരാബാദില്‍ തടി ഗോഡൗണില്‍ ഉണ്ടായ തീപിടിത്തത്തില്‍ 11 തൊഴിലാളികള്‍ വെന്തു മരിച്ചു. മരിച്ചവരെല്ലാരും ബീഹാര്‍ സ്വദേശികളാണ്. തീപിടിത്തമുണ്ടായ ഗോഡൗണില്‍ പന്ത്രണ്ട് തൊഴിലാളികളാണ് ഉണ്ടായിരുന്നത്.

തീപടര്‍ന്നതോടെ പന്ത്രണ്ട് പേരില്‍ ഒരാള്‍ താഴേയ്ക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. രണ്ടാം നിലയില്‍ നിന്നാണ് ഇയാള്‍ താഴേയ്ക്ക് ചാടിയത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗോഡൗണിന്റെ സമീപത്ത് ഉണ്ടായിരുന്ന ആക്രിക്കടയിലേക്കും തീപടര്‍ന്നിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ അണച്ചതായും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. തീപിടിത്തത്തില്‍ മരിച്ച തൊഴിലാളികളുടെ മൃതദേഹം ബീഹാറിലേക്ക് കൊണ്ടു പോകാനുള്ള നടപടികള്‍ ആരംഭിച്ചു.