ന്യൂ ഡെല്‍ഹി: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. ഉത്തര്‍പ്രദേശ് പൊലീസിന് അജ്ഞാത ഇ മെയില്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഡെല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ഉത്തര്‍പ്രദേശ് പൊലീസ് ഇ മെയില്‍ സന്ദേശം ഡെല്‍ഹി പൊലീസിന് കൈമാറി.
തീവ്രവാദ സംഘടനയായ തെഹ്റിക്-ഇ-താലിബാന്റെ പേരിലാണ് അജ്ഞാത ഇ മെയില്‍ സന്ദേശം ലഭിച്ചിട്ടുള്ളത്. ഇ മെയിലില്‍ സന്ദേശം അയച്ച ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസെന്ന് ഡെല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ ഓഫീസര്‍ പറഞ്ഞു. അതേസമയം, ഭീഷണിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇന്നലെ ന്യൂ ഡെല്‍ഹിയിലെ സരോജ്നി നഗര്‍ മാര്‍ക്കറ്റില്‍ തെരച്ചില്‍ നടത്തി.
സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് മാര്‍ക്കറ്റുകള്‍ അടച്ചിടുമെന്ന് സരോജിനി നഗര്‍ മിനി മാര്‍ക്കറ്റ് ട്രേഡേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് അശോക് രണ്‍ധാവ ഇന്നലെ പറഞ്ഞു. ചില സുരക്ഷാ ഭീഷണികള്‍ കാരണം, മാര്‍ക്കറ്റുകള്‍ അടച്ചിടാനും കര്‍ശനമായ ജാഗ്രത പാലിക്കാനും ഡെല്‍ഹി പൊലീസിന്റെ ഉത്തരവ് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മാര്‍ക്കറ്റ് അടച്ചുപൂട്ടാനുള്ള ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് ഡെല്‍ഹി പൊലീസ് അറിയിച്ചു. സുരക്ഷാ മുന്‍ കരുതലിന്റെ ഭാഗമായാണ് തെരച്ചില്‍ നടത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി, ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്ന് പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡെല്‍ഹി-എന്‍സിആറില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഈ വര്‍ഷം ആദ്യം ഗാസിപൂരില്‍ നിന്നും സീമാപുരിയില്‍ നിന്നും രണ്ട് ഐഇഡി ബോംബുകള്‍ കണ്ടെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ഉത്തര്‍പ്രദേശിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഉദ്യോഗസ്ഥര്‍ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.