രാജ്യത്ത് 10 നഗരങ്ങളില്‍ വായു മലിനീകരണം രൂക്ഷം; പട്ടികയില്‍ ഉത്തര്‍പ്രദേശിലെ അഞ്ച് നഗരങ്ങള്‍

ന്യൂ ഡെല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ വായു മലിനീകരണമുള്ള നഗരങ്ങളുടെ പട്ടികയില്‍ രാജസ്ഥാനിലെ ഭിവാഡിയും ഉത്തര്‍പ്രദേശിലെ ഗാസിയാബാദും തലസ്ഥാന നഗരമായ ഡെല്‍ഹിയും. സ്വിസ് സംഘടനയായ ഐക്യൂഎയര്‍ ചൊവ്വാഴ്ച പുറത്തിറക്കിയ വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

തുടര്‍ച്ചയായ നാലാം വര്‍ഷവും ഏറ്റവും മലിനമായ നഗരം ഡെല്‍ഹിയാണെന്ന് സ്വിസ് സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവും മോശം വായു നിലവാരമുള്ള നഗരങ്ങളുടെ പട്ടികയില്‍ യുപിയിലെ ജൗന്‍പൂരും നോയിഡയും ഉള്‍പ്പെടുന്നുണ്ട്. കൂടാതെ ഉത്തര്‍പ്രദേശിലെ ബാഗ്പത്, ഗ്രേറ്റര്‍ നോയിഡ, ഹരിയാനയിലെ ഹിസാര്‍, ഫരീദാബാദ് എന്നീ നഗരങ്ങളും ഏറ്റവും മലിനമായ വായു നിലവാരമുള്ള പത്ത് ഇന്ത്യന്‍ നഗരങ്ങളുടെ പട്ടികയില്‍പ്പെടുന്നുണ്ട്.

വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നതിന് പാലിക്കേണ്ട ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ ഇന്ത്യന്‍ നഗരങ്ങളൊന്നും പാലിച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍. ചൈനയിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അതിന്റെ പകുതിയിലധികം നഗരങ്ങളിലും അന്തരീക്ഷ മലിനീകരണം കുറവാണ്.