ജി 23 നേതാക്കള്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂ ഡെല്‍ഹി: ജി 23 നേതാക്കളുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ചൊവ്വാഴ്ച ഡല്‍ഹിയിലെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. മുതിര്‍ന്ന നേതാക്കളായ ആനന്ദ് ശര്‍മ്മയും മനീഷ് തിവാരിയും ചൊവ്വാഴ്ച സോണിയാ ഗാന്ധിയെ കണ്ട നേതാക്കളില്‍ ഉള്‍പ്പെടുന്നുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഘടനാപരമായ നവീകരണം ആവശ്യപ്പെടുന്ന മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ജി 23. അടുത്ത ദിവസങ്ങളില്‍ ഗ്രൂപ്പിലെ മറ്റ് നേതാക്കളും സോണിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. പാര്‍ട്ടിയോട് വിയോജിപ്പുള്ള നേതാക്കളുടെ ആശങ്കകള്‍ ചര്‍ച്ച ചെയ്യണമെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വഴികള്‍ ആലോചിക്കണമെന്നും ഗുലാം നബി ആസാദ് കഴിഞ്ഞ ആഴ്ച സോണിയയെ കണ്ട് ആവശ്യപ്പെട്ടിരുന്നു.

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, മുഖ്യ വക്താവ് രണ്‍ദീപ് സുര്‍ജേവാല, ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ എന്നിവരടക്കം രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തരായ ചിലരെ എഐസിസി സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കാനും ജി 23 നേതാക്കള്‍ ആവശ്യപ്പെടുമെന്നാണ് വിവരം. അഞ്ച് സംസ്ഥാനങ്ങളില്‍ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ ദയനീയ പരാജയത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ അഴിച്ചു പണി വേണമെന്ന ആവശ്യം ജി 23 നേതാക്കള്‍ ശക്തമാക്കിയത്.