പഞ്ചാബിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് ഗാന്ധിജിയുടെ ഫോട്ടോ നീക്കം ചെയ്തു; രാജ്യത്തെ അപമാനിച്ചുവെന്ന് എന്‍എസ്‌യുഐ

ചണ്ഡിഗഡ്: സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് നീക്കം ചെയ്ത മഹാത്മാഗാന്ധിയുടെ ചിത്രങ്ങള്‍ പഴയതുപോലെ പുനഃസ്ഥാപിക്കണമെന്ന് പഞ്ചാബ് എന്‍എസ്യുഐ പ്രസിഡന്റ് അക്ഷയ് ശര്‍മ മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനിനോട് ആവശ്യപ്പെട്ടു. ‘മഹാത്മാഗാന്ധിയുടെ ചിത്രം നീക്കം ചെയ്തതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കണം, ചണ്ഡിഗഡില്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ശര്‍മ്മ പറഞ്ഞു.

ഓഫീസുകളില്‍ നിന്ന് രാഷ്ട്രപിതാവിന്റെ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ടത് ആരാണെന്ന് അന്വേഷിക്കണമെന്ന് ശര്‍മ്മ ആവശ്യപ്പെട്ടു. ‘വിനയത്തോടും ബഹുമാനത്തോടും കൂടി സംസ്ഥാനത്തെ നയിക്കാനുള്ള വലിയ ഉത്തരവാദിത്വമാണ് ജനങ്ങള്‍ നിങ്ങളെ ഏല്‍പ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഇടപെട്ട് തെറ്റ് തിരുത്തണം’ എന്ന് ശര്‍മ്മ പറഞ്ഞു.

ഭഗത് സിംഗിന്റെ തറവാട്ടു ഗ്രാമമായ ഖട്കര്‍ കാലാനില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോള്‍ ഒരു സര്‍ക്കാര്‍ ഓഫീസിലും മുഖ്യമന്ത്രിയുടെ ഫോട്ടോ പ്രദര്‍ശിപ്പിക്കില്ലെന്ന് മാന്‍ പറഞ്ഞിരുന്നു. പകരം ഭഗത് സിംഗിന്റെയും ഡോ. ബി ആര്‍ അംബേദ്കറിന്റെയും ഫോട്ടോകള്‍ സര്‍ക്കാര്‍ ഓഫീസുകളിലെ ചുവരുകളില്‍ സ്ഥാപിക്കും.

തെരഞ്ഞെടുപ്പിന് മുന്നോടിയായി, പഞ്ചാബിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും മുഖ്യമന്ത്രിയുടെയോ മറ്റ് രാഷ്ട്രീയ നേതാക്കളുടെയോ ഛായാചിത്രങ്ങള്‍ക്ക് പകരം ഭഗത് സിംഗിന്റെയും ബി ആര്‍ അംബേദ്കറിന്റെയും ഛായാചിത്രങ്ങള്‍ സ്ഥാപിക്കുമെന്ന് എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞിരുന്നു.