രാജ്യത്ത് എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് പരിഗണനയില്‍

ന്യൂ ഡെല്‍ഹി: രാജ്യത്ത് എല്ലാവര്‍ക്കും കൊറോണ വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് പരിഗണനയില്‍. ലോകത്ത് വീണ്ടും കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിലാണ് നീക്കം. ചില വിദേശ രാജ്യങ്ങളില്‍ യാത്ര ചെയ്യുന്നതിന് ബൂസ്റ്റര്‍ ഡോസെടുക്കേണ്ടത് അനിവാര്യമാണ്.

നിലവില്‍ കൊറോണ മുന്നണി പോരാളികള്‍ക്കും 60 വയസിന് മുകളില്‍ പ്രായമായവര്‍ക്കും മാത്രമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. രാജ്യത്ത് ജൂണ്‍-ജൂലൈ മാസത്തില്‍ അടുത്ത കൊറോണ തരംഗമുണ്ടാകുമെന്നാണ് കാണ്‍പൂര്‍ ഐഐടിയിലെ വിദഗ്ദരുടെ റിപ്പോര്‍ട്ട്. ഈ തരംഗം ഒക്ടോബര്‍ വരെ നീണ്ടുനില്‍ക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ബൂസ്റ്റര്‍ ഡോസുകള്‍ എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ ആലോചിക്കുന്നത്.

ഏഷ്യയിലെയും യൂറോപ്പിലെയും രാജ്യങ്ങളില്‍ കൊറോണ വ്യാപനം രൂക്ഷമാകുകയാണ്. ചൈന, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ അടുത്തിടെ കൊവിഡ് കേസുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നീണ്ട ഇടവേളയ്ക്ക് ശേഷം ചൈനയില്‍ ആദ്യത്തെ കൊറോണ മരണവും സ്ഥിരീകരിച്ചിരുന്നു.