കൊറോണ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ട പരിഹാരം, അനര്‍ഹര്‍ കടന്നു കയറിയോയെന്ന് അന്വേഷിക്കണമെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം അനര്‍ഹര്‍ക്ക് കിട്ടിയോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ധനസഹായം അനര്‍ഹര്‍ നേടിയോ എന്ന് കണ്ടെത്താന്‍ അന്വേഷണം വേണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം.

കൊറോണ ധനസഹായം നല്‍കാനുളള സുപ്രീംകോടതി ഉത്തരവ് ദുരുപയോഗം ചെയ്യുന്നതില്‍ കോടതി നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പല സംസ്ഥാനങ്ങളിലും വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ധന സഹായത്തിനായി അപേക്ഷിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

വിഷയത്തില്‍ സിഎജി അന്വേഷണത്തിന് ഉത്തരവിടുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് കോടതി പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായാണ് അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

കൊറോണ പോസിറ്റിവായതിന് ശേഷം 30 ദിവസത്തിനുള്ളില്‍ മരണപ്പെടുകയാണെങ്കില്‍ അത് കൊറോണ മരണമായി കണക്കാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. കൊറോണ ബാധിച്ചയാള്‍ ആത്മഹത്യ ചെയ്താലും കൊറോണ മരണമായി കണക്കാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.