പഞ്ചാബില്‍ ആംആദ്മി സര്‍ക്കാരിന്റെ 10 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു

ചണ്ഡീഗഢ്: പഞ്ചാബില്‍ ആംആദ്മി സര്‍ക്കാരിന്റെ പത്ത് മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സിവില്‍ സെക്രട്ടേറിയറ്റില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നേത്വത്തില്‍ ആദ്യ മന്ത്രിസഭാ യോഗം നടന്നു. മുഖ്യമന്ത്രി ഭവന്ത് മന്‍ നേരത്തെ തന്നെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഭഗവന്ത് മാന്‍ ഉള്‍പ്പെടെ 18 പേരാണ് മന്ത്രിസഭയിലുള്ളത്. മന്ത്രിമാരായ പത്ത് പേരില്‍ എട്ട് പേരും ആദ്യമായി എംഎല്‍എമാരായവരാണ്.

ദിര്‍ബ ജില്ലയില്‍ നിന്നും രണ്ട് തവണ എംഎല്‍എ ആയ ഹര്‍പല്‍ സിങ് ചീമ, മലൗട്ട് എം.എല്‍.എ ബാല്‍ജിത് കൗര്‍, ജന്‍ഡിയാല എംഎല്‍എ ഹര്‍ബജന്‍ സിങ് ഇ.ടി.ഒ, മാന്‍സ എം.എല്‍.എ വിജയ് സിംഗ്ല, ഭോവ എം.എല്‍.എ ലാല്‍ ചന്ദ് കടരുചക്, എ.എ.പി യുവജന വിഭാഗ മോധാവിയും ബര്‍ണാലയില്‍ നിന്നും രണ്ട് തവണ എം.എല്‍.എയായി വിജയിച്ച ഗുര്‍മീത് സിങ് ഹയര്‍, അജ്‌നാലയില്‍ നിന്നുള്ള കുല്‍ദീപ് സിങ് ദൈവാള്‍, പാട്ടി എം.എല്‍.എ ലളിത് സിങ് ഭുള്ളാല്‍, ഹോഷിയാപൂരില്‍ നിന്നുള്ള ബ്രഹ്‌മ ശങ്കര്‍ ജിമ്പ, ആനന്ദ്പൂര്‍ സാഹിബ് എം എല്‍ എയുമായ ഹര്‍ജോത് സിങ് ബെയിന്‍സ് എന്നിവരാണ് പഞ്ചാബ് മന്ത്രിസഭയിലെ പുതിയ മന്ത്രിമാര്‍.

ഉത്തര്‍പ്രദേശില്‍ 25 ന് നടക്കുന്ന യോഗി ആദിത്യനാഥിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി അടക്കമുള്ള വന്‍ ദേശീയ നേതൃത്വ നിര പങ്കെടുക്കും. അമ്പതിനായിരത്തോളം പേരെ ഉള്‍ക്കൊളളാന്‍ കഴിയുന്ന ലക്‌നൗവിലെ ഏക്‌ന സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ നടക്കുക.