ബിജെപിയില്‍ യുവജനങ്ങള്‍ക്ക് പരിഗണന: സംസ്ഥാനങ്ങള്‍ക്ക് 25 വര്‍ഷത്തെ പ്ലാന്‍ നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂ ഡെല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ നാലു സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരിന് അടുത്ത 25 വര്‍ഷത്തെ പ്ലാന്‍ നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 2024ല്‍ നടക്കുന്ന പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മന്ത്രിസഭകള്‍ രൂപീകരിക്കണമെന്നതാണ് പ്രധാന നിര്‍ദ്ദേശം.

യുവാക്കള്‍, വനിതകള്‍, വിദ്യാസമ്പന്നര്‍, എസ്.സി, എസ്.ടി, ഒബിസി തുടങ്ങി വിവിധ ജാതി, മത വിഭാഗങ്ങള്‍ എന്നിവര്‍ക്ക് പ്രാതിനിധ്യം കൊടുത്ത് മന്ത്രിസഭ രൂപീകരിക്കാനാണ് നിര്‍ദ്ദേശം. അടുത്ത 25 വര്‍ഷം രാജ്യത്തിനും ബിജെപിക്ക് നേതൃത്വം കൊടുക്കുന്നതിലും യുവജനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബിജെപി മികച്ച വിജയം കൈവരിച്ചത്. ബിജെപി മോശം പ്രകടനം കാഴ്ച വച്ച മണ്ഡലങ്ങളിലെ നൂറു പോളിംഗ് ബൂത്തുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ബിജെപി എംപിമാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.