അബദ്ധത്തില്‍ ഇന്ത്യന്‍ മിസൈല്‍ പതിച്ച സംഭവം: പാക്കിസ്ഥാന്‍ തിരിച്ചടിക്ക് പദ്ധതിയിട്ടിരുന്നെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ മിസൈല്‍ പാക്കിസ്ഥാനില്‍ അബദ്ധത്തില്‍ പതിച്ച സംഭവത്തില്‍ പാക്കിസ്ഥാന്‍ തിരിച്ചടിക്ക് പദ്ധതിയിട്ടിരുന്നെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയെ ആക്രമിക്കാന്‍ സമാനമായ മിസൈല്‍ വിക്ഷേപിക്കാന്‍ പാകിസ്ഥാന്‍ തയ്യാറെടുത്തിരുന്നുവെങ്കിലും പ്രാഥമിക വിലയിരുത്തലില്‍ എന്തോ തകരാര്‍ ഉണ്ടെന്ന് മനസിലാക്കിയതിനാല്‍ ആക്രമണത്തില്‍ നിന്ന് പിന്തിരിയുകയായിരുന്നു.

പാക്കിസ്ഥാനില്‍ അബദ്ധത്തില്‍ മിസൈല്‍ പതിച്ചത് സംബന്ധിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ മിസൈല്‍ ഇന്ത്യയിലേക്ക് വിക്ഷേപിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറെടുത്തിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തത്.

ഈ മാസം ഒമ്പതിനാണ് ന്യൂ ഡെല്‍ഹിയില്‍ നിന്ന് ഏകദേശം 200 കിലോമീറ്റര്‍ വടക്കുള്ള അംബാല പട്ടണത്തില്‍ നിന്ന് ബ്രഹ്‌മോസ് മധ്യദൂര ക്രൂയിസ് മിസൈല്‍ തൊടുത്തുവിട്ടത്. പാക്കിസ്ഥാനില്‍ ചെന്ന് പതിച്ച ഇന്ത്യന്‍ മിസൈല്‍ ചില വീടുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയെങ്കിലും ആളപായം ഉണ്ടാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ വിശദീകരണം കേള്‍ക്കാത്തതിനെ തുടര്‍ന്ന് ഒരു ദിവസത്തിന് ശേഷം പാക്കിസ്ഥാന്‍ സംഭവം പരസ്യമാക്കി. വിക്ഷേപണത്തിനെതിരെ പാകിസ്ഥാന്‍ പ്രതിഷേധത്തെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ഇന്ത്യ പ്രതികരണം അറിയിച്ചത്.

‘2022 മാര്‍ച്ച് 9-ന്, പതിവ് അറ്റകുറ്റപ്പണികള്‍ക്കിടെ, സാങ്കേതിക തകരാര്‍ മൂലം ഒരു മിസൈല്‍ അബദ്ധത്തില്‍ വിക്ഷേപിക്കപ്പെട്ടു. മിസൈല്‍ പാക്കിസ്ഥാന്റെ പ്രദേശത്താണ് പതിച്ചത്. സംഭവം അങ്ങേയറ്റം ഖേദകരമാണ്. അപകടത്തില്‍ ജീവഹാനി സംഭവിച്ചിട്ടില്ലെന്നത് ആശ്വാസം പകരുന്നു’, രാജ്നാഥ് സിങ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.