2023ലെ പശ്ചിമബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആംആദ്മി

കൊല്‍ക്കത്ത: 2023ലെ പശ്ചിമബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആംആദ്മി പാര്‍ട്ടി. ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം പശ്ചിമബംഗാളിലെ പ്രാദേശിക ഘടകം പ്രചാരണം തുടങ്ങി കഴിഞ്ഞു. ഇതിന് മുന്നോടിയായി കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ ആംആദ്മി പാര്‍ട്ടി റാലി നടത്തിയിരുന്നു. പശ്ചിമബംഗാളില്‍ ആംആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ സൂചനയാണ് ഇതെന്ന് എ.എ.പിയുടെ ബംഗാള്‍ ചുമതലയുള്ള സഞ്ജയ് ബസു പറഞ്ഞു.

പഞ്ചാബിലെ ആംആദ്മിയുടെ അട്ടിമറി വിജയം ആഘോഷിക്കാന്‍ പാര്‍ട്ടിയുടെ ബംഗാള്‍ ഘടകം ഇന്നലെ സംസ്ഥാനത്ത് വിജയാഘോഷ റാലി നടത്തിയിരുന്നു. അരവിന്ദ് കെജ്രിവാളിന്റെയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെയും പ്ലക്കാര്‍ഡുകള്‍ വഹിച്ചുള്ള റാലിക്ക് വലിയ സ്വീകാര്യതയാണ് സംസ്ഥാനത്ത് ലഭിച്ചത്. പശ്ചിമ ബംഗാളില്‍ പാര്‍ട്ടി നടത്തുന്ന ആദ്യ റാലി കൂടിയായിരുന്നു ഇത്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ കോട്ടയില്‍ കാലുറപ്പിക്കാനാണ് ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ ശ്രമിക്കുന്നത്. ബംഗാളിന് പുറമെ ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും ആംആദ്മി തീരുമാനിച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സാരഥി മമത ബാനര്‍ജി കൊതിച്ചിരുന്ന പഞ്ചാബിലേക്കാണ് അരവിന്ദ് കെജ്രിവാള്‍ എത്തിയിരിക്കുന്നത്.