പഞ്ചാബിൽ നവ്‌ജ്യോത് സിങ് സിദ്ദുവിനെതിരെ മുൻ മന്ത്രി ബിക്രം സിങ് മജീദി സ്ഥാനാർഥി

അമൃത്‌സർ: പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റും മുൻ ക്രിക്കറ്റ് താരവുമായ നവ്‌ജ്യോത് സിങ് സിദ്ദുവിനെതിരെ മുൻ മന്ത്രി ബിക്രം സിങ് മജീദിയയെ മൽസരിപ്പിക്കാൻ ശിരോമണി അകാലി ദൾ തീരുമാനം. അമൃത്‌സറിലെ ഗ്രാമീണ മണ്ഡലമായ മജിതായിൽ നിന്ന് ജനവിധി തേടുന്നതു കൂടാതെയാണ് മജീദിയ രണ്ടാമതൊരു മണ്ഡലത്തിൽ മൽസരിക്കാൻ തീരുമാനിച്ചത്.ഈ തിരഞ്ഞെടുപ്പോടെ സിദ്ദുവിന്റെ രാഷ്ട്രീയ കരിയറിന് അന്ത്യം കുറിക്കും. സിദ്ദു മൽസരിക്കുന്ന അവസാന തിരഞ്ഞെടുപ്പും ഇതു തന്നെയാകും’-ശിരോമണി അകാലി ദൾ പ്രസിഡന്റ് സുഖ്‌ബീർ സിങ് ബാദൽ പറഞ്ഞു.

ശിരോമണി അകാലിദൾ പഞ്ചാബിൽ അധികാരത്തിൽ പ്രവേശിക്കുന്നതിനു മുൻപുള്ള കാലം വരെ സിദ്ദുവും മജീദിയയും പരസ്‌പര യോജിപ്പോടെ നിന്ന സുഹൃത്തുക്കളായിരുന്നു.പിന്നീട് ഇരുവരുടെയും സൗഹൃദബന്ധത്തിൽ വിള്ളലുകൾ വന്നു. സമീപകാലത്ത് ഇരുവരും ആരോപണ-പ്രത്യാരോപണങ്ങൾ ഉന്നയിച്ചു വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ശക്തമായ ചതുഷ്കോണ മൽസരം നടക്കുന്ന പഞ്ചാബിൽ ഫെബ്രുവരി 20 നാണു തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് ഫലം മാർച്ച് 10 നു പ്രഖ്യാപിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ 15 സീറ്റിൽ നിന്ന് എണ്ണമുയർത്താമെന്ന കണക്കുകൂട്ടലിലാണ് ശിരോമണി അകാലിദൾ