ഉത്തരാഖണ്ഡിൽ കോൺഗ്രസിൽ നിന്നും പുറത്താക്കിയ കിഷോർ ഉപാധ്യായ് ബിജെപിയിൽ

ഡെഹ്റാഡൂൺ: പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഉത്തരാഖണ്ഡിൽ കോൺഗ്രസ് പുറത്താക്കിയ മുൻ നേതാവ് കിഷോർ ഉപാധ്യായ് ബിജെപിയിൽ ചേർന്നു. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് പാർട്ടി മുൻ സംസ്ഥാന അധ്യക്ഷനായ കിഷോർ ഉപാധ്യായിയെ ആറ് വർഷത്തേക്കാണ് കോൺഗ്രസ് പുറത്താക്കിയത്.മറ്റു രാഷ്ട്രീയ പാർട്ടികളുമായി ബന്ധം പുലർത്തിയതിന്റെ പേരിലാണ് ഇയാളെ നേരത്തെ സ്ഥാനങ്ങളിൽ നിന്ന് കോൺഗ്രസ് നീക്കം ചെയ്തിരുന്നത്. ഈ നടപടിക്ക് പിന്നാലെയാണ് കിഷോർ ബിജെപിയിലേക്ക് ചേക്കേറിയിരിക്കുന്നത്.

തെഹ്രി മണ്ഡലത്തിൽ ഇത്തവണ ബിജെപി ടിക്കിറ്റിൽ മത്സരിക്കും.ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനായി പുറത്തിറക്കിയ മൂന്ന് സ്ഥാനാർഥി പട്ടികയിലും കിഷോർ ഉപാധ്യായ് ഇടംപിടിച്ചിരുന്നില്ല. ഇതോടെ കിഷോർ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇതിനിടെ തനിക്കെതിരെയുള്ള അച്ചടക്ക നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചിരുന്നെങ്കിലും ഫലവത്തായിരുന്നില്ല.

ഫെബ്രുവരി 14-നാണ് ഉത്തരാഖണ്ഡിൽ തിരഞ്ഞെടുപ്പ് നടക്കുക. രാംനഗറിൽ തുടർച്ചയായി മത്സരിച്ചിരുന്ന മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ സീറ്റ് കോൺഗ്രസ് ഇത്തവണ മാറ്റിയിട്ടുണ്ട്. ലാല്കുവയിൽ നിന്നാണ് റാവത്ത് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുക. മറ്റു പ്രധാന നേതാക്കൾക്കും മണ്ഡലം മാറേണ്ടി വന്നിട്ടുണ്ട്.രാംനഗർ മണ്ഡലത്തിൽ ഹരീഷ് റാവത്തിന്റെ സ്ഥാനാർത്ഥിത്വത്തിൽ ഉത്തരാഖണ്ഡ് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റുമാരിൽ ഒരാളായ രഞ്ജിത് റാവത്ത് അസ്വാരസ്യം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് നേതാക്കൾ തമ്മിലുള്ള ചേരിപ്പോരിനെ തുടർന്ന് പാർട്ടിക്കുള്ളിലെ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് മണ്ഡലങ്ങളിൽ മാറ്റം വരുത്തിയത്. അതേ സമയം ഒരു കുടുംബത്തിന് ഒരു സീറ്റെന്ന കോൺഗ്രസിന്റെ നയം തെറ്റിച്ചുകൊണ്ട് ഹരീഷ് റാവത്തിന്റെ മകൾ അനുപമ റാവത്തിന് ഹർദ്വാർ റൂറലിൽ സീറ്റ് നൽകി.